
മംഗളൂരു: മംഗളൂരുവിലെ നഴ്സിങ് കോളേജിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചതിൽ കൂടുതലും മലയാളി വിദ്യാർഥികൾ. നഴ്സിങ് കോളേജിലെ 150ഓളം വിദ്യാർഥികളെയാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പലരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നും വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റലിൽ കഴിഞ്ഞ കുറച്ച് ദിവസമായി മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു. പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം മൂന്ന് ഹോസ്റ്റലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നമുണ്ടായത്. മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെൻസ് ഹോസ്റ്റലിലെയും ഒന്നാം വർഷ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ചികിത്സ തേടിയവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. കോളേജ് നടത്തി വന്നിരുന്ന സ്വകാര്യ കാന്‍റീനിൽ നിന്നാണ് ഭക്ഷണം ഹോസ്റ്റലുകളിലേക്ക് എത്തിച്ചിരുന്നത്. കേസ് ഒത്തുതീർക്കാനാണ് പൊലീസും കോളേജും ശ്രമിക്കുന്നതെന്നും കുട്ടികളുടെ ആരോപണം. ഗ്യാസ് സ്ട്രബിൾ കാരണമാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് കോളേജിന്റെ വാദം. കേസ് ഒത്തുതീർക്കാനാണ് ക്യാന്റീൻ അധികൃതരും കോളേജ് അധികൃതരും ശ്രമിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു.
ശക്തി നഗറിലെ സിറ്റി കോളേജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികളാണ് ചികിത്സ തേടിയത്. ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഇവർക്ക് വിഷബാധയേറ്റത്. വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ അസുഖമാണ് മിക്കവർക്കും ബാധിച്ചത്. തുടർന്ന് 137 വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ 52 വിദ്യാർഥികൾ എ.ജെ. ഹോസ്പിറ്റലിലും 42 വിദ്യാർത്ഥികളെ കങ്കനാടി ഫാദർ മുള്ളർ ഹോസ്പിറ്റലിലും 18 വിദ്യാർത്ഥികളെ കെഎംസി ഹോസ്പിറ്റലിലും 4 പേരെ യൂണിറ്റി ഹോസ്പിറ്റലിലും എട്ട് വിദ്യാർത്ഥികളെ സിറ്റി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്നതായി പൊലീസ് കമ്മീഷണർ എൻ.ശശികുമാർ മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മുതൽ വിദ്യാർഥികൾ അസ്വസ്ഥരായിരുന്നു. ഞായറാഴ്ച രാത്രി ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണമാകാം കാരണമെന്ന് വിദ്യാർഥികൾ പറഞ്ഞു. തിങ്കളാഴ്ചയാണ് മിക്കവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. രാത്രി എട്ടരയോടെയാണ് സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ അറിയിച്ചതെന്ന് ദക്ഷിണ കന്നഡ ഡിസി എം ആർ രവി കുമാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam