
ഭുവനേശ്വർ: സംസ്ഥാനത്തെ എംഎൽഎമാർക്കുള്ള പ്രതിമാസ ശമ്പളം മൂന്ന് മടങ്ങിലേറെ വർധിപ്പിച്ച് ഒഡിഷ സർക്കാർ. 1.11 ലക്ഷത്തിൽ നിന്ന് 3.45 ലക്ഷമായാണ് വർധിപ്പിച്ചത്. 2024 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർധനവിന് അംഗീകാരം നൽകിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പാർലമെൻ്ററികാര്യ മന്ത്രി മുകേഷ് മഹാലിംഗ് അവതരിപ്പിച്ച ബില്ലിന് നിയമസഭ ഐകകണ്ഠേന അംഗീകാരം നൽകുകയായിരുന്നു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്‌പീക്കറുടെയും ഡപ്യൂട്ടി സ്‌പീക്കറുടെയും പ്രതിപക്ഷ നേതാവിൻ്റെയും ശമ്പളവും ആനുപാതികമായി വർധിപ്പിച്ചു. സിറ്റിങ് എംഎൽഎ മരിച്ചാൽ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകാനും ശമ്പള വർധന ഓരോ അഞ്ച് വർഷം കൂടുമ്പോഴും നടപ്പാക്കാനും തീരുമാനമുണ്ട്.
നിലവിൽ നിയമസഭയിലെ അംഗങ്ങൾക്ക് 1.11 ലക്ഷം രൂപയായിരുന്നു അലവൻസ് അടക്കം മാസം തോറും ലഭിച്ചിരുന്നത്. ഇത് ഇനി മുതൽ 3.45 ലക്ഷം രൂപയാകും. 2007 മുതൽ നിയമസഭാംഗങ്ങൾ ആവശ്യപ്പെട്ട വർധനവാണ് ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയത്. ഈ തീരുമാനത്തിന് എല്ലാ അംഗങ്ങളും ഒരേ മനോസോടെ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു.
പുതിയ ശമ്പള ക്രമം അനുസരിച്ച് എംഎൽഎമാർക്ക് 90000 രൂപ ശമ്പളമായും 75000 രൂപ മണ്ഡലം അലവൻസായും 10000 രൂപ ബുക്ക് അലവൻസായും 50000 രൂപ കൺവയൻസ് അലവൻസായും 20000 രൂപ വൈദ്യുതി അലവൻസായും 50000 രൂപ ട്രാവൽ അലവൻസായും 35000 രൂപ മെഡിക്കൽ അലവൻസായും 15000 രൂപ ടെലിഫോൺ അലവൻസായും ലഭിക്കും.
ഇതിന് പുറമെ മുൻ എംഎൽഎമാർക്ക് 1.17 ലക്ഷം രൂപ പെൻഷനായി ലഭിക്കും. 80000 രൂപ പെൻഷൻ, 25000 മെഡിക്കൽ അലവൻസ്, 12500 രൂപ യാത്രാ ബത്തയായുമാണ് ലഭിക്കുക. ഒന്നിലേറെ തവണ എംഎൽഎമാരായവർക്ക് ഓരോ തവണയ്ക്കും 3000 രൂപ അധികമായി ലഭിക്കും.
മുഖ്യമന്ത്രിക്ക് 3.74 ലക്ഷമാണ് പ്രതിമാസ വരുമാനം. സ്പീക്കർക്കും ഉപമുഖ്യമന്ത്രിക്കും 368000 രൂപ ലഭിക്കും. ഡപ്യൂട്ടി സ്പീക്കർക്കും സഹമന്ത്രിമാർക്കും 3.56 ലക്ഷം രൂപ ലഭിക്കും. പ്രതിപക്ഷ നേതാവിനും കാബിനറ്റ് മന്ത്രിമാർക്കും 3.62 ലക്ഷം രൂപയും ലഭിക്കും. ചീഫ് വിപ്പിന് 3.62 ലക്ഷം രൂപയും ഡപ്യൂട്ടി ചീഫ് വിപ്പിന് 3.5 ലക്ഷം രൂപയും മാസ വരുമാനം ലഭിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam