ലോക്ക്ഡൌണ്‍ കാലത്ത് തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി 60 ലക്ഷം രൂപ നീക്കിവച്ച് ഒഡിഷ

By Web TeamFirst Published May 11, 2021, 11:37 AM IST
Highlights

സന്നദ്ധ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ആവും ഇത്തരത്തില്‍ ഭക്ഷണം വിതരണം ചെയ്യുക. ഭുവനേശ്വര്‍, കട്ടക്ക്, സമ്പാല്‍പൂര്‍, റൂര്‍ക്കേല, ബ്രഹ്മാപൂര്‍ എന്നിവിടങ്ങളില്‍ ദിവസം തോറും 20000 രൂപയാണ് ഈ ആവശ്യത്തിലേക്ക് ചെലവിടുക.

ലോക്ക്ഡൌണ്‍ കാലത്ത് തെരുവില്‍ ഭക്ഷണമില്ലാതെ അലയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അറുപത് ലക്ഷം രൂപ നീക്കി വച്ച് ഒഡിഷ. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ശക്തമായ നിയന്ത്രണങ്ങളാണ് ഒഡിഷയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലും 48 മുനിസിപ്പാലിറ്റിയിലും 61 എന്‍എസികളിലും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പശുവും നായയും അടക്കം തെരുവില്‍ കഴിയുന്ന ജീവികള്‍ക്ക് ഈ സമയത്ത് ഭക്ഷണം കണ്ടെത്തുക ദുഷ്കരമാകുമെന്നതിനാലാണ് ഇത്തരമൊരു തീരുമാനം. സന്നദ്ധ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ആവും ഇത്തരത്തില്‍ ഭക്ഷണം വിതരണം ചെയ്യുക. ഭുവനേശ്വര്‍, കട്ടക്ക്, സമ്പാല്‍പൂര്‍, റൂര്‍ക്കേല, ബ്രഹ്മാപൂര്‍ എന്നിവിടങ്ങളില്‍ ദിവസം തോറും 20000 രൂപയാണ് ഈ ആവശ്യത്തിലേക്ക് ചെലവിടുക.

മുന്‍സിപ്പാലിറ്റികള്‍ക്ക് ഈ ആവശ്യത്തിലേക്കായി 5000 രൂപ വീതമാണ് ദിവസം തോറും ചെലവാക്കാന്‍ സാധിക്കുക. 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്യാനായി സ്വന്തമായി കൊവിഡ് വാക്സിന്‍ ശേഖരിക്കുകയാണ് ഒഡിഷ. അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ മാത്രമാണ് 18 മുതല്‍ 44 വരെ പ്രായമുള്ളവരില്‍ കൊവിഡ് വാക്സിന്‍ വിതരണം ഒഡിഷയില്‍ ആരംഭിച്ചിട്ടുള്ളത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!