
കൊവിഡ് ചികിത്സയ്ക്കായി ചാണകം ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ വിദഗ്ധരെന്ന് റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനം തടയുന്നതിന് ചാണകത്തിന്‍റെ ഉപയോഗം സഹായിക്കുമെന്ന് ശാസ്ത്രീയമായ തെളിവുകളില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ കിടക്കകള്‍ ലഭിക്കാതെയും ഓക്സിജന്‍ സിലിണ്ടര്‍ ലഭിക്കാതെയും മരുന്നുകള്‍ ലഭിക്കാതെയും രാജ്യത്ത് നിരവധിപ്പേര്‍ മരിക്കുന്നതിനിടയിലാണ് ചാണകത്തെ ചുറ്റിപ്പറ്റി നിരവധി പ്രചാരണങ്ങള്‍ വ്യാപകമാവുന്നത്.
ഗുജറാത്തില്‍ നിരവധിയാളുകളാണ് ചാണകവും ഗോമൂത്രവും ശരീരത്ത് പുരട്ടുന്നതിനായി ഗോ ശാലകളില്‍ എത്തുന്നത്. ഇങ്ങനെ ചെയ്യുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് ഇതിനായി ഇവര്‍ നല്‍കുന്ന വിശദീകരണം. കൊവിഡ് മുക്തി നേടാനും കൊവിഡ് പ്രതിരോധത്തിനും ഈ മാര്‍ഗം ഫലപ്രദമാണെന്ന് പ്രചാരണം വന്നതോടെ നിരവധിപ്പേര്‍ ഇത്തരം രീതികള്‍ പിന്തുടരുകയുമുണ്ടായി.
ചാണകവും ഗോമൂത്രവും ശരീരത്ത് പുരട്ടിയ യോഗയും പശുക്കളെ പരിചരിക്കുന്നതും ചാണകപായ്ക്ക് ഉണങ്ങുന്നതിന് പിന്നാലെ മോര് ഉപയോഗിച്ച് കഴുകുന്നതടക്കം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് പ്രചാരണം. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ആരോഗ്യ വിദഗ്ധരാണ് ഇത്തരം സമാന്തര ചികിത്സാ രീതിക്കെതിരെ പ്രതികരിച്ചിട്ടുള്ളത്. ഇത്തരം തെറ്റായ രീതികള്‍ നിലവിലെ പ്രശ്നങ്ങള്‍ വര്‍ധിക്കാന്‍ കാരണമായേക്കുമെന്ന ആശങ്കയാണ് ആരോഗ്യ വിദഗ്ധര്‍ റോയിട്ടേഴ്സിനോട് പങ്കുവച്ചിട്ടുള്ളത്.
വിശ്വാസം മാത്രമാണ് ഇത്തരം രീതികളുടെ ആധാരമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്‍റ് ഡോക്ടര്‍ ജെ എ ജയലാല്‍ പറയുന്നത്. ഇത്തരം രീതികളിലൂടെ മൃഗങ്ങളിലുള്ള മറ്റ് രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുമുണ്ടെന്ന് മുന്നറിയിപ്പാണ് ജയലാല്‍ നല്‍കുന്നത്. ആള്‍ക്കൂട്ടമായി വന്ന് ഇത്തരം നടപടികളില്‍ ഏര്‍പ്പെടുന്നത് കൊറോണ വൈറസ് പടരാന്‍ കാരണമായേക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam