ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി ഒഡീഷ; അറിയിപ്പുമായി മുഖ്യമന്ത്രി

By Web TeamFirst Published Apr 9, 2020, 12:49 PM IST
Highlights

ഈ കൊവിഡ് കാലത്ത് നിങ്ങളുടെ അച്ചടക്കവും ത്യാഗങ്ങളും മഹാമാരിക്കെതിരെ പോരാടാന്‍ ശക്തി തരുന്നുവെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു

ഭുവനേശ്വര്‍: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി ഒഡീഷ.  രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം വരുന്നതിന് മുമ്പ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുകയാണെന്ന് ഒഡീഷ് മുഖ്യമന്ത്രി നവീന്‍ പട്നായിക് പ്രഖ്യാപിച്ചു. ഏപ്രില്‍ 30 വരെയാണ് ഒഡീഷയില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.

ഈ കൊവിഡ് കാലത്ത് നിങ്ങളുടെ അച്ചടക്കവും ത്യാഗങ്ങളും മഹാമാരിക്കെതിരെ പോരാടാന്‍ ശക്തി തരുന്നുവെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. അതേസമയം, രാജ്യത്ത് ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ അന്തിമതീരുമാനം ശനിയാഴ്ച വരുമെന്നാണ് സൂചന. ലോക്ക് ഡൗൺ നീട്ടുന്ന കാര്യവും പരിഗണിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവനയിൽ പറഞ്ഞു.

മോദി വീഡിയോ കോൺഫറൻസിംഗ് വഴി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതനുസരിച്ചാകും അന്തിമതീരുമാനം കേന്ദ്രം സ്വീകരിക്കുക. ലോക്ക് ഡൗണിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രിമാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയിൽ പറഞ്ഞു.

''ഇക്കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം കേൾക്കും. രാഷ്ട്രീയമായല്ല തീരുമാനം വേണ്ടതെന്ന് സർവ്വകക്ഷി യോഗത്തിൽ ധാരണയായിട്ടുണ്ട്. ലോക്ക്ഡൗൺ ഭാഗികമായി നീക്കണമെന്ന് ചില പാർട്ടികൾ ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ നീട്ടണമെന്ന നിർദേശം പരിഗണിക്കുന്നു. രാജ്യം ഒറ്റക്കെട്ടായി നില്ക്കുന്നു'', എന്നും മോദി വ്യക്തമാക്കി. ഇതിന് മുമ്പ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച സമയത്ത് ലോക്ക് ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ച് മോദി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു.

click me!