ഒഡിഷ ട്രെയിൻ ദുരന്തത്തിന് കാരണം പോയിന്റ് സംവിധാനത്തിൽ നടന്ന അറ്റകുറ്റപ്പണി? പിഴവ് ചൂണ്ടിക്കാട്ടി റിപ്പോർട്ട്

By Web TeamFirst Published Jun 4, 2023, 9:23 AM IST
Highlights

അപകടവുമായി ബന്ധപ്പെട്ട അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റയിൽവേ അറിയിച്ചു. അന്വേഷണം സിഗ്നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചാണെന്നാണ് വിവരം

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണമായത് പോയിന്റ് സംവിധാനത്തിലെ പിഴവെന്ന് സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇൻസ്പക്ഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. മെയിൻ ലൈനിൽ നിന്ന് ലൂപ്പ് ലൈനിലേക്ക് ട്രെയിൻ നീങ്ങിയത് തെറ്റായ പോയിന്റിംഗ് മൂലമെന്നാണ് വിവരം. പോയിന്റ് സംവിധാനത്തിൽ കഴിഞ്ഞ ദിവസം നടന്ന അറ്റകുറ്റപ്പണി തിരിച്ചടി ആയോയെന്നാണ് പരിശോധിക്കും. കോറമാണ്ഡൽ എക്സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇദ്ദേഹം പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. 

288 പേരുടെ മരണത്തിനും 1000 ലേറെ പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റയിൽവേ അറിയിച്ചു. അന്വേഷണം സിഗ്നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചാണെന്നാണ് വിവരം. അതിനിടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.

അപകടത്തിൽ രക്ഷപ്പെട്ട 250 പേരുമായി പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി. പരിക്കുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. കേരളത്തിൽ നിന്നുള്ള നിരവധി പേരും സംഘത്തിലുണ്ട്. തമിഴ്നാട് റവന്യൂ മന്ത്രി കെകെഎസ്എസ് രാമചന്ദ്രൻ, ആരോഗ്യമന്ത്രി എംഎ സുബ്രഹ്മണ്യം എന്നിവർ ചേർന്നാണ് ദുരന്തത്തിന്റെ സാക്ഷികളെ സ്വീകരിച്ചത്. അപകടത്തിൽ മരിച്ചവരിൽ തിരിച്ചറിഞ്ഞ 160 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. ഇവരുടെ മൃതദേഹങ്ങൾ ജന്മ നാടുകളിലേക്ക് കൊണ്ടുപോകും. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾക്ക് ഡി എൻ എ പരിശോധന നടത്തുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. 

അതേസമയം ട്രെയിൻ അപകടം നടന്ന സ്ഥലത്തെ ബോഗികൾ പാളത്തിൽ നിന്ന്  നീക്കി തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ ഒരു ലൈനിൽ ഗതാഗതം തുടങ്ങിയേക്കുമെന്നാണ് വിവരം. ആയിരത്തിലധികം തൊഴിലാളികളും നിരവധി യന്ത്രസാമഗ്രികളും എത്തിച്ചാണ് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

click me!