Omicron : ദക്ഷിണാഫ്രിക്കയിൽ നിന്നെത്തി കൊവിഡ് ബാധിച്ച മുംബൈ സ്വദേശി നിരീക്ഷണത്തിൽ

By Web TeamFirst Published Nov 29, 2021, 2:10 PM IST
Highlights

ഒമിക്രോൺ ആശങ്ക നിലനിൽക്കേ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുംബൈ ഡോംബിവ്ലി സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് ഇദ്ദേഹം കേപ് ടൗണിൽ നിന്ന് ദുബായിലേക്കും അവിടെ നിന്ന് ദില്ലി വഴി മുംബൈയിലും എത്തിയത്. 

ദില്ലി: കൊവിഡ് 19-ന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ (Omicron Variant) ഭീഷണി നിലനിൽക്കവേ, ദക്ഷിണാഫ്രിക്ക(South Africa) യിൽ നിന്നെത്തിയ മുംബൈ സ്വദേശിക്ക് കൊവിഡ് (Covid 19) സ്ഥിരീകരിച്ചത് ആശങ്കയാകുന്നു. ഇദ്ദേഹത്തിന്‍റെ സ്രവസാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രൂപമാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദമാണോ കൊവിഡിന് കാരണമായതെന്നറിയാൻ സ്രവം പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ജീനോം സീക്വൻസിംഗിന് (Genome Sequencing) വിധേയമാക്കും. 

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുംബൈ ഡോംബിവ്ലി സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് ഇദ്ദേഹം കേപ് ടൗണിൽ നിന്ന് ദുബായിലേക്കും അവിടെ നിന്ന് ദില്ലി വഴി മുംബൈയിലും എത്തിയത്. ദില്ലി വിമാനത്താവളത്തിൽ  നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് സ്ഥിരീകരിച്ചത്. കല്ല്യാണിലെ ക്വാറന്‍റീൻ കേന്ദ്രത്തിലാണ് രോഗി നിലവിൽ ചികിത്സയിൽ കഴിയുന്നത്. 

ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 99 പേര്‍ മുംബൈയില്‍ മാത്രം നിരീക്ഷണത്തിലുണ്ട്. ഡല്‍റ്റ വകഭേദത്തേക്കാള്‍ ആറിരട്ടി വ്യാപനശേഷി ഒമിക്രോണിനുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ജാഗ്രത കൈവിടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. 

ജാഗ്രത കർശനമാക്കാൻ കേന്ദ്രം

അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ സ്രവപരിശോധന കര്‍ശനമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. ഒമിക്രോണ്‍ വകഭേദത്തില്‍ ജാഗ്രത തുടരണമെന്ന് പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു. 

''പുതിയ വകഭേദത്തില്‍ ജാഗ്രത വേണം. ശ്രദ്ധ കൈവിടരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു'', മോദി വ്യക്തമാക്കി. 

ഒമിക്രോണ്‍ വ്യാപനം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം വിശദമായ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ സ്രവ പരിശോധന കര്‍ശനമാക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. പരിശോധന ഫലം അറിഞ്ഞ ശേഷമേ എയര്‍പോര്‍ട്ടില്‍ നിന്ന് പോകാവൂ. പോസിറ്റീവായാല്‍ രോഗിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും സ്രവം ജീനോം സീക്വന്‍സിംഗിന് അയക്കണമെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. വ്യാപന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ദില്ലി സര്‍ക്കാര്‍ വിളിച്ച യോഗം ഉച്ച കഴിഞ്ഞ് നടക്കും. വിദേശ രാജ്യങ്ങളില്‍ നിന്ന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

പുതിയ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവെക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ഡിസംബര്‍ 15 മുതലാണ് അന്താരാഷ്ട്ര വിമാനയാത്രകൾക്കുള്ള വിലക്ക് നീക്കുന്നതെന്നതിനാല്‍ തുടര്‍ സാഹചര്യം നിര്‍ണ്ണായകമാകും.  

അതേസമയം, വളരെ ബുദ്ധിമുട്ടിയാണ് രാജ്യം കൊവിഡിനെ മറികടക്കുന്നതെന്നും, പുതിയ വകഭേദം ഇന്ത്യയിലെത്താതിരിക്കാൻ പറ്റുന്നതെല്ലാം ചെയ്യണമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ദില്ലി ഉൾപ്പടെയുള്ള നിരവധി സംസ്ഥാനങ്ങൾ ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.  

യാത്രാനിയന്ത്രണങ്ങളുമായി രാജ്യങ്ങൾ

അമേരിക്ക, ബ്രസീൽ, കാനഡ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ ലോകത്തെ പല രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനമേര്‍പ്പെടുത്തിക്കഴിഞ്ഞു. ഇസ്രായേല്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

ഒമ്പത് ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിലെ, സ്വന്തം പൗരന്മാരല്ലാത്തവർക്ക്, രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തി. പ്രസ്തുത രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന ഓസ്‌ട്രേലിയൻ പൗരന്മാർക്ക് 14 ദിവസത്തെ ക്വാറന്‍റീനും നിര്‍ദേശിച്ചിട്ടുണ്ട്. ജപ്പാനും യുകെയും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയ, ശ്രീലങ്ക, തായ്‍ലൻഡ്, ഒമാന്‍, കുവൈത്ത്, ഹംഗറി തുടങ്ങിയ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങള്‍ പുതുക്കിയതായി അറിയിച്ചിട്ടുണ്ട്. 

click me!