
ലക്നോ: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് (Election in 5 States) മാറ്റിവയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ (Election Commision) വൃത്തങ്ങൾ. അടുത്തയാഴ്ച അവസാനം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് മാറ്റാൻ ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇന്നലെ സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യത്തെ കുറിച്ചും വാക്സിനേഷന്‍ നിരക്കിനെ കുറിച്ചുമുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചയില്‍ ആരോഗ്യ സെക്രട്ടറി കൈമാറിയിരുന്നു.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുകൂല സാഹചര്യമാണോയെന്നാണ് കമ്മീഷന്‍ ആരോഗ്യ സെക്രട്ടറിയോടാരാഞ്ഞത്. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം, വാക്സിനേഷന്‍ നിരക്കുകള്‍ യോഗത്തില്‍ അവലോകനം ചെയ്തു. അഞ്ച് സംസ്ഥാനങ്ങളില്‍ 70 ശതമാനം മുതല്‍ 100 ശതമാനം വരെയാളുകള്‍ ഒരു ഡോസ് വാക്സീന്‍ സ്വീകരിച്ചതായി ആരോഗ്യ സെക്രട്ടറി കമ്മീഷനെ ധരിപ്പിച്ചു.
അതേസമയം ഒമിക്രോണ്‍ വ്യാപന നിരക്ക് കൂടുന്നതും ആരോഗ്യ സെക്രട്ടറി കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. ആരോഗ്യ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ തുടര്‍ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. പഞ്ചാബ്, ഗോവ ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിയമസഭയുടെ കാലാവധി മാര്‍ച്ചിലും ഉത്തര്‍പ്രദേശില്‍ മെയിലുമാണ് അവസാനിക്കുക. ഇതിനിടെ ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിലും ബിജെപിയുടേതടക്കം തെരഞ്ഞെടുപ്പ് റാലികള്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്നതിനെ ചോദ്യം ചെയ്ത് വരുണ്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
രാത്രി കര്‍ഫ്യൂ, പകല്‍ റാലി. എന്ത് കൊവിഡ് നിയന്ത്രണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് വരുണ്‍ ഗാന്ധി ചോദിച്ചു. ആരോഗ്യ സംവിധാനങ്ങള്‍ ദുര്‍ബലമായ സംസ്ഥാനത്ത് ഒമിക്രോണിനെ നിയന്ത്രിക്കുകയാണോ, പ്രചാരണശേഷി തെളിയിക്കുകയാണോ വേണ്ടതെന്നും ജനങ്ങളുടെ സാമാന്യ ബുദ്ധി പരീക്ഷിക്കരുതെന്നും വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അടുത്ത കാലത്തായി ബിജെപിയുടെ വലിയ വിമര്‍ശകനായി മാറിയ വരുണ്‍ ഗാന്ധി കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ നിരന്തരം ചോദ്യം ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam