Omicron : രാജ്യ തലസ്ഥാനത്തും ഒമിക്രോൺ, ദില്ലിയിൽ ഒരാൾക്ക് സ്ഥിരീകരിച്ചു; രാജ്യത്തെ അഞ്ചാമത്തെ കേസ്

By Web TeamFirst Published Dec 5, 2021, 11:51 AM IST
Highlights

 11 പേരുടെ സാമ്പിളുകൾ പരിശോധന നടത്തിയതിൽ നിന്നാണ് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരികയാണ്. 

ദില്ലി: രാജ്യത്ത് ആശങ്കയായി ഒമിക്രോൺ (Omicron). അഞ്ചാമത്തെ കേസ് ദില്ലിയിൽ സ്ഥിരീകരിച്ചു. ടാൻസാനിയയിൽ നിന്നെത്തിയ ആൾക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. 11 പേരുടെ സാമ്പിളുകൾ പരിശോധന നടത്തിയതിൽ നിന്നാണ് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരികയാണ്. 

കർണാടകയ്ക്ക് പിന്നാലെ ഇന്നലെ ​ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തില്‍ 72കാരനും, മഹാരാഷ്ട്രയില്‍ 32കാരനുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. കർണാടകയിൽ രണ്ട് പേർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഒരാൾ ഡോക്ടറും മറ്റേയാൾ ദക്ഷിണാഫ്രിക്കൻ സ്വദേശിയുമാണ്. 

മുൻകൂർ അനുമതിയില്ലാതെ വാർത്താസമ്മേളനം വിളിക്കരുത്, ഡിഎംഒമാർക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

ഒമിക്രോൺ സ്ഥിരീകരിച്ച മഹാരാഷ്ട്രയിലും ഗുജറാത്തിലും കർണാടകയിലും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഇന്നലെരോഗം സ്ഥിരീകരിച്ച രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഗുജറാത്തിലെ ജാംഗനറിൽ രോഗം സ്ഥിരീകരിച്ച 72 കാരന്‍റെ സമ്പർക്ക പട്ടികയിലെ 10 പേരുടെ ഫലം രണ്ട് ദിവസത്തിനകം കിട്ടിയേക്കും. എന്നാൽ കൂടുതൽ പേർ സമ്പർക്കത്തിലുണ്ടായിരുന്നെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങൾക്ക് ജാഗ്രത തുടരാൻ കേന്ദ്ര സർക്കാർ ആവർത്തിച്ച് നിർദേശം നൽകി. വിമാനത്താവളങ്ങളിലടക്കം കർശന പരിശോധനയാണ് നടക്കുന്നത്. 

ഒമിക്രോൺ, ജാഗ്രതയിൽ ബെംഗലൂരു

അതേസമയം, ഒമിക്രോൺ വ്യാപന ഭീതി ഉയരുന്നതിനിടെ ബെംഗലൂരുവിൽ ഒരാഴ്ചയ്ക്കിടെ എത്തിയത് 466 വിദേശികളെന്ന് റിപ്പോർട്ട്. ഇവരിൽ കൊവിഡ് പരിശോധന നടത്തിയത് 100 പേർക്ക് മാത്രമാണ്. സംസ്ഥാനത്ത് രണ്ട് പേർക്കല്ല പകരം 12 പേർക്ക് ഒമിക്രോൺ ഉണ്ടെന്നാണ് അനൗദ്യോഗിക വിവരമെന്നും സംസ്ഥാനത്തെ ആരോഗ്യവകുപ്പ് കടുത്ത അനാസ്ഥ കാണിച്ചെന്നും കോൺഗ്രസ് ആരോപിച്ചു.

ബെംഗളൂരുവിലെ മെഡിക്കൽ കോൺഫറൻസ് ഒമിക്രോൺ ക്ലസ്റ്ററാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കോൺഫറൻസ് നടന്നത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ്. കോൺഫറൻസിൽ പങ്കെടുത്തവർക്കായി വ്യാപക അന്വേഷണം നടത്തുന്നുണ്ട്. കോൺഫറൻസിന് ശേഷം ഡോക്ടർമാർ മാളുകളും റെസ്റ്റോറന്റുകളും സന്ദർശിച്ചു. ഇവർ നഗരത്തിൽ പലയിടത്തും ഒത്തുകൂടി. 125 ടാക്സികൾ കോൺഫറൻസിന് ശേഷം ബുക്ക് ചെയ്തിരുന്നുവെന്നും സമ്മേളനത്തിനെത്തിയ വിദേശികളുടെ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നില്ലെന്നും സർക്കാർ കുറ്റപ്പെടുത്തുന്നു.

click me!