Omicron : ഒമിക്രോൺ ഭീഷണി; അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ യോഗം വിളിച്ച് ദില്ലി സർക്കാർ

By Web TeamFirst Published Nov 28, 2021, 10:58 AM IST
Highlights

അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. വ്യോമയാന മന്ത്രാലയ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

ദില്ലി: ഒമിക്രോൺ (Omicron) ഭീഷണി നേരിടുന്ന അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ യോഗം വിളിച്ച് ദില്ലി സർക്കാർ (Delhi government). ഡിസാസ്റ്റർ മാനേജ്മെൻ്റ് അഥോറിറ്റിയുടെ യോഗം നാളെ ചേരും. അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. വ്യോമയാന മന്ത്രാലയ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

അതേസമയം, മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒമിക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പ്രധാന്യമേറും. ലോകത്ത് ഒമിക്രോണ്‍ വകഭേദം ഉയർത്തുന്ന ഭീഷണിയെക്കുറിച്ചാകും പ്രധാനമായും മോദി മൻ കി ബാത്തിൽ പ്രതിപാദിക്കുക. രാജ്യത്ത് കൊവിഡ് ജാഗ്രത കൈവിടരുതെന്ന സന്ദേശം പ്രധാനമന്ത്രി നല്‍കുമെന്നാണ് പ്രതീക്ഷ.

പുതിയ കൊവിഡ് വകഭേദത്തിൽ പരിഭ്രാന്ത്രി വേണ്ടെന്ന് ഐസിഎംആർ അറിയിച്ചിട്ടുണ്ട്. ജാഗ്രത തുടർന്നാൽ മതി.അതിതീവ്ര വ്യാപനത്തിനുള്ള തെളിവുകൾ ഇതുവരെയില്ലവാക്സിനേഷൻ നടപടിയെ പുതിയസാഹചര്യം ബാധിക്കരുത് എന്നും ഐസിഎംആർ.ചില രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവ്വീസുകൾക്ക് ഇന്ത്യ നിയന്ത്രണം തുടർന്നേക്കും

കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ  ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രത നിർദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്‌ഥാനങ്ങളും വിദേശ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ ഇടങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിന് പുറമെ മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ  നിന്നും എത്തുന്നവർക്ക് ക്വാറന്‍റീനും ഏർപ്പെടുത്തി. ഉത്തരാഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാങ്ങളിലെല്ലാം സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രിമാർ പ്രത്യേകം യോഗം വിളിച്ചു ചേർത്തിരുന്നു.

കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഉയ‍ർത്തുന്ന വെല്ലുവിളി നേരിടാൻ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി ഇന്നലെ നി‍ർദേശം നൽകിയിരുന്നു. ഒമിക്രോൺ വകഭേദം വിവിധ ലോകരാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുട‍ർന്ന് വിളിച്ചു ചേ‍‍ർത്ത അവലോകന യോഗത്തിലായിരുന്നു രാജ്യത്ത് ജാഗ്രത കടുപ്പിക്കാൻ നരേന്ദ്രമോദി ആവശ്യപ്പെട്ടത്. കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോ‍ർട്ട് ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി  പുനപരിശോധിക്കണമെന്ന് അവലോകനയോഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

ഒമിക്രോൺ വൈറസിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി: യാത്രാനിയന്ത്രണം നീക്കിയ നടപടി പിൻവലിച്ചേക്കും?

പുതിയ വകഭേദത്തിലൂടെ ഉണ്ടാവുന്ന ഭീഷണി നേരിടണമെന്നും അതിനായി വേണ്ട നടപടികൾസ്വീകരിക്കണമെന്നും നരേന്ദ്രമോദി നി‍ർദേശിച്ചു. ഒമിക്രോൺ വൈറസിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രതിരോധമുറപ്പിക്കാൻ കൊവിഡ് വാക്സീൻ രണ്ടാം ഡോസിന്‍റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയതിന് പിന്നാലെയാണ് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി ഇന്നലെ സാഹചര്യം വിലയിരുത്തിയത്.

ഒമിക്രോണ്‍ ജാഗ്രതയിൽ കേരളവും, വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും

click me!