
ദില്ലി: നൂറ് കോടി വാക്സിനേഷൻ (vaccination) ഇന്ത്യയുടെ (India) ഇച്ഛാശക്തിയുടെ തെളിവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi). വാക്സിനേഷനിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം പ്രശംസനീയമാണ്. ആ നേട്ടം നല്‍കിയ ഊര്‍ജ്ജവുമായാകും ഇനി മുന്‍പോട്ട് പോകുക. നിരവധി തടസങ്ങൾ മറികടന്നാണ് ആരോഗ്യ പ്രവർത്തകർ ലക്ഷ്യം കണ്ടത്. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് യോഗയെ മുഖ്യധാരയിലെത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ (Mann ki baat) പറഞ്ഞു.
സേനകളിൽ വനിതാ സാന്നിധ്യം കൂടുന്നത് അഭിമാനകരമാണ്. സ്ത്രീ ശാക്തീകരണം സർക്കാരിൻ്റെ മുദ്രാവാക്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി- മാർപാപ്പ കൂടിക്കാഴ്ച വെള്ളിയാഴ്ച
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തും. വത്തിക്കാനില്‍ (Vatican) വരുന്ന വെള്ളിയാഴ്ചയായിരിക്കും കൂടികാഴ്ച നടക്കുക. ജി20 ഉച്ചകോടിയില്‍ ( G 20 summit) പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോമില്‍ എത്തുമ്പോഴാണ് ഈ കൂടിക്കാഴ്ച നടക്കുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശന വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സൗഹൃദ കൂടികാഴ്ചയുണ്ടാകും എന്ന് തന്നെയാണ് വിവരം. ഒക്ടോബര്‍ 29,30 തീയതികളില്‍ റോമില്‍ വച്ചാണ് ജി20 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത്. ഇവിടെ നിന്നും സ്കോട്ട്ലാന്‍റിലെ ഗ്ലാസ്കോയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി നവംബര്‍ 1ന് അവിടെ കോപ്26 ഉച്ചകോടിയില്‍ സംസാരിക്കും.
ഇതിന് അനുബന്ധമായി കാലവസ്ഥ മാറ്റം സംബന്ധിച്ച ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണിനൊപ്പം പ്രധാനമന്ത്രി മോദി പങ്കെടുക്കും എന്നാണ് വിവരം. ജി20 ഉച്ചകോടിയില്‍ താലിബാന്‍ ഭരണത്തിലായ അഫ്ഗാനിസ്ഥാന്‍ ആയിരിക്കും പ്രധാന ചര്‍ച്ച വിഷയം. ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് നീക്കങ്ങളും ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്നു.
തായ്ലാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ രാജ്യങ്ങള്‍ക്കെതിരായ ചൈനീസ് നീക്കങ്ങളാണ് മറ്റൊരു പ്രധാന വിഷയമായി ജി20യില്‍ ഉയര്‍ന്നുവരുക. കോപ് 26 ല്‍ മറ്റു രാജ്യങ്ങളിലെ മുതിര്‍ന്ന ഭരണാധികാരികളെ കാണുന്ന പ്രധാനമന്ത്രി മോദി കാലവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യും എന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam