മുംബൈയിലെ ചേരിയില്‍ ഒരാള്‍ക്ക് കൊവിഡ്: രോഗി ഗുരുതരാവസ്ഥയില്‍, ചേരി നിവാസികള്‍ നിരീക്ഷണത്തില്‍

By Web TeamFirst Published Mar 26, 2020, 9:52 AM IST
Highlights

ഇവിടെ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വകോലയിലെ ചേരി നിവാസികള്‍ നിരീക്ഷണത്തിലാണ്. നേരത്തെ മുംബൈ സെൻട്രലിലെ ചേരിയിലും രോഗം സ്ഥിരീകരിച്ചിരുന്നു. 

വകോല: മുംബൈ വകോലയിലെ ചേരിയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കസ്തൂർബാ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവിടെ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വകോലയിലെ ചേരി നിവാസികള്‍ നിരീക്ഷണത്തിലാണ്. നേരത്തെ മുംബൈ സെൻട്രലിലെ ചേരിയിലും രോഗം സ്ഥിരീകരിച്ചിരുന്നു.  69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ സെൻട്രലിലെ 23000 ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കിയത്. 

മുംബൈ പൂണെ അടക്കമുള്ള നഗരങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്രയുടെ ഗ്രാമങ്ങളിലേക്കും രോഗം പടരുകയാണ്.  മുംബൈയിലും താനെയിലും ഓരോ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 124 ആയി. അതേസമയം കൊവിഡ് രോഗികൾക്ക് മാത്രമായി സജ്ജീകരിച്ച മുംബൈ സെവൻസ് ഹിൽ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. 

വീടുകളിൽ സാധനങ്ങളെത്തിക്കാൻ ഓൺലൈൻ ഡെലിവറി ആപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചെന്ന് മുംബൈ പൊലീസ് അറിയിച്ചു. നിരോധനാജ്ഞയ്ക്കിടെ റോഡിലിറങ്ങിയതിന് ഇന്നലെ നൂറിലേകെ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിരുന്നു. ശത്രുവിനെ നേരിൽ കാണാനാകാത്ത യുദ്ധമാണിതെന്നും ഇനിയെങ്കിലും ജനങ്ങൾ സ‍ർക്കാരിനെ അനുസരിക്കണമെന്നും ഉദ്ധവ് താക്കറെ ജനങ്ങളോട് ആവശ്യപ്പെട്ടു.
 

click me!