
ലഖ്നൌ: ഒരു കുടുംബത്തിലെ നാല് കുട്ടികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. അതേ ദിവസം കാണാതായ കുട്ടികളുടെ അമ്മയുടെ മൃതദേഹം അഴുക്കുചാലിൽ നിന്നും കണ്ടെത്തി. ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലാണ് അടിമുടി ദുരൂഹമായ സംഭവം നടന്നത്. ശനിയാഴ്ച രാവിലെ മുതൽ കാണാതായ നാസിയാ ഖാത്തൂണിന്റെ (37) മൃതദേഹം ഞായറാഴ്ച വൈകുന്നേരത്തോടെ സമീപത്തെ ഓടയിൽ നിന്നും കണ്ടെത്തുകയായിരുന്നു.
അക്ബർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മീരൻപൂർ പ്രദേശത്തെ വീടിനുള്ളിലാണ് എട്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള നാല് കുട്ടികളെ ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ആയുധം ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ഇവരെ കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ കുട്ടികളുടെ അമ്മയെ കാണാതാവുകയും ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തതോടെ ഇവർ സംശയ നിഴലിലായിരുന്നു.
ഷഫീഖ് (14), സൗദ് (12), ഉമർ (10), സാദിയ (8) എന്നിവരാണ് കൊല്ലപ്പെട്ട കുട്ടികൾ. ഇവരുടെ പിതാവ് നിയാസ് (42) സൗദി അറേബ്യയിൽ ജോലി ചെയ്യുകയാണ്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ വിപുലമായ തെരച്ചിലിനൊടുവിലാണ് ഓടയിൽ നിന്നും നാസിയയുടെ മൃതദേഹം ലഭിച്ചത്. മൃതദേഹത്തിന്‍റെ ചിത്രം അയച്ചു കൊടുത്തതിനെ തുടർന്ന് വിദേശത്തുള്ള ഭർത്താവ് നിയാസ് ഭാര്യയെ തിരിച്ചറിഞ്ഞു.
നാസിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും അംബേദ്കർ നഗർ എസ്പി പ്രാച്ചി സിംഗ് പറഞ്ഞു. നാസിയയെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ അതോ സ്വയം വിഷം കഴിച്ച ശേഷം ഓടയിൽ ചാടിയതാണോ എന്ന കാര്യത്തിൽ പൊലീസ് ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല. മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലായിരുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എസ്പി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാരെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പുറത്തുനിന്നുള്ള ആരുടെയെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതേസമയം, പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഞായറാഴ്ച കുട്ടികളുടെ മൃതദേഹങ്ങൾ മഹ്രുവ ഏരിയയിലെ കസ്ദ ഗ്രാമത്തിൽ എത്തിച്ചപ്പോൾ കണ്ണ് നിറയ്ക്കുന്ന രംഗങ്ങളാണുണ്ടായത്. ബന്ധുക്കളും അയൽവാസികളുമടക്കം നൂറുകണക്കിന് ആളുകൾ കുട്ടികൾക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തി. തുടർന്ന് ഗ്രാമത്തിലെ ഖബർസ്ഥാനിൽ കുട്ടികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. നാസിയയുടെ മരണ വാർത്ത കൂടി എത്തിയതോടെ പ്രദേശവാസികൾ നടുങ്ങിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam