കാളി വിവാദം: ബിജെപി ദില്ലി ഘടകവും പരാതി നല്‍കി, മഹുവ മൊയ്ത്രക്കും ലീന മണി മേഖലക്കുമെതിരെ വീണ്ടും കേസ്

By Web TeamFirst Published Jul 7, 2022, 6:08 PM IST
Highlights

മതവികാരം വ്രണപ്പെടുത്തിയെന്ന് ബിജെപി ദില്ലി ഘടകം കൂടി പരാതി നല്‍കിയതോടെ ആറ് സംസ്ഥാനങ്ങളിലാണ് മഹുവ മൊയ്ത്രക്കെതിരെ കേസുള്ളത്.

ദില്ലി: കാളി വിവാദത്തില്‍ മഹുവ മൊയ്ത്ര എംപിക്കും ലീന മണി മേഖലക്കുമെതിരെ വീണ്ടും കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് ബിജെപി ദില്ലി ഘടകം കൂടി പരാതി നല്‍കിയതോടെ ആറ് സംസ്ഥാനങ്ങളിലാണ് മഹുവ മൊയ്ത്രക്കെതിരെ കേസുള്ളത്. അത്ര തന്നെ കേസുകള്‍ ലീന മണിമേഖലയ്ക്ക് എതിരെയുമുണ്ട്. ലീന ഇന്ന് ട്വിറ്ററില്‍ പങ്കുവച്ചെ ചിത്രത്തിനെതിരെയും യുപിയില്‍ ബിജെപി പരാതി കൊടുത്തിട്ടുണ്ട്. കാളിയെന്ന ലീന മണി മേഖലയുടെ ഡോക്യുമെന്‍ററി പോസ്റ്ററും മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവിയായി കാളിയെ കാണാമെന്ന മഹുവ മൊയ്ത്രയുടെ പരാമര്‍ശവും വലിയ വിവാദമാകുകയാണ്. 

നുപൂര്‍ ശര്‍മ്മ വിഷയത്തില്‍ വെട്ടിലായ ബിജെപി പുതിയ വിവാദം ആയുധമാക്കുകയാണ്. സൂക്ഷിക്കുക മഹുവയെന്ന പേരില്‍ ട്വിറ്ററില്‍ പങ്കുവച്ച കവിതയിലൂടെ കേന്ദ്രത്തിന് എതിരെ മഹുവ ആഞ്ഞടിച്ചു. ആദ്യം സര്‍വ്വകലാശാലകള്‍, പിന്നീട് മാധ്യമപ്രവര്‍ത്തകര്‍, കര്‍ഷകര്‍, ആക്ടിവിസ്റ്റുകള്‍, രാജ്യം കത്തുകയാണെന്ന് സര്‍ക്കാരിന്‍റെ നീക്കങ്ങളെ  വിമര്‍ശിച്ച് മഹുവയെഴുതി. രാജ്യത്ത് താന്‍ സുരക്ഷിതയല്ലെന്ന് ലീന മണിമേഖലയും കുറിച്ചു. സ്വന്തം പാളയത്തിലും മഹുവ മൊയത്ര എംപിക്കെതിരെ നീക്കം നടക്കുകയാണ്. മഹുവയോട് വിശദീകരണം തേടണമെന്ന് തൃണമൂലില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടു. മമത ബാനര്‍ജിയും കടുത്ത അമര്‍ഷത്തിലാണ്. ഹിന്ദു വിരുദ്ധ പാര്‍ട്ടിയെന്ന പ്രചരാണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍  ബംഗാളില്‍ തൃണമൂലിനെതിരെ  ബിജെപി ആയുധമാക്കുന്നതിനിടെയാണ് മഹുവയുടെ പരാമര്‍ശം പാര്‍ട്ടിയെ  വെട്ടിലാക്കിയിരിക്കുന്നത്. 

   'കാളി' വിവാദത്തിലുലഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ്; മമതയും മഹുവയും രണ്ടാകുമോ?

ലീന മണിമേഖലയുടെ  കാളിയെന്ന ഡോക്യുമെന്‍ററിയുടെ പോസ്റ്ററിനെയും, ദൃശ്യങ്ങളെയും ചൊല്ലിയുള്ള വിവാദം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസിലാണ്. മതങ്ങളെ പ്രീണിപ്പിക്കാന്‍ മുന്‍പിലാരെന്ന മത്സരം രാജ്യവ്യാപകമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ മുറുകുമ്പോഴാണ് കാളി ഡോക്യുമെന്‍ററിയെ കുറിച്ചുള്ള പാര്‍ട്ടി എംപി മഹുവ മൊയ്ത്രയുടെ അഭിപ്രായ പ്രകടനം തൃണമൂലിനെ വെട്ടിലാക്കിയിരിക്കുന്നത്. 

ഒരു ടെലിവിഷന്‍ ഷോയില്‍ മഹുവ നടത്തിയ അഭിപ്രായ പ്രകടനം തീ പോലെ പടര്‍ന്നു. കാളിയെന്നാല്‍ മാസം തിന്നുകയും, മദ്യം കുടിക്കുകയും ചെയ്യുന്ന ദേവിയായി വ്യക്തികള്‍ക്ക് കാണാമെന്നാണ് മഹുവ പറഞ്ഞു വച്ചത്. ആരാധനയുടെ ഭാഗമായി പല സംസ്ഥാനങ്ങളിലും കാളി ദേവിക്ക് മദ്യം നിവേദിക്കുന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു അഭിപ്രായ പ്രകടനം. വാളെടുക്കാന്‍ കാത്ത് നിന്നവര്‍ക്ക് മഹുവയുടെ വാക്കുകള്‍ ധാരാളമായിരുന്നു. ഇതുവരെ ആറ് സംസ്ഥാനങ്ങളില്‍ അവര്‍ക്കെതിരെ കേസെടുത്ത് കഴിഞ്ഞു. 

പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാകാത്ത മഹുവ ബിജെപിയോട് വിരട്ടാന്‍ നോക്കേണ്ടെന്നും നിങ്ങളുടെ ട്രോളുകളെയും, വിവരക്കേടിനെയും ഭയക്കുന്നില്ലെന്നും തുറന്നടിച്ചു. ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകാത്ത മഹുവയുടെ പ്രതികരണം പക്ഷേ തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി. പാര്‍ട്ടിയുടെ നിലപാടല്ലെന്നും, വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങളുടെ ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്നും തൃണമൂല്‍ കൈകഴുകി.

click me!