രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രചരണം:യശ്വന്ത് സിൻഹയോട് പശ്ചിമ ബംഗാളിലേക്ക് വരേണ്ടെന്ന് നിർദ്ദേശിച്ച് മമത ബാനർജി

By Web TeamFirst Published Jul 7, 2022, 12:58 PM IST
Highlights

ദ്രൗപദി മുർമുവിനെതിരായ പരസ്യ നീക്കം വോട്ടു ബാങ്കിൽ ചോർച്ചക്കിടയാക്കുമെന്ന് വിലയിരുത്തല്‍.സിൻഹയ്ക്കു തന്നെയാവും വോട്ടെന്ന് തൃണമൂൽ കോൺഗ്രസ് . തല്ക്കാലം പരസ്യനീക്കം വേണ്ടെന്ന് നിലപാട്

കൊല്‍ക്കത്ത:പ്രതിപക്ഷത്തിന്‍റെ  രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയോട് പശ്ചിമ ബംഗാളിലേക്ക് വരേണ്ടെന്ന് നിർദ്ദേശിച്ച് മമത ബാനർജി. ദ്രൗപദി മുർമുവിനെതിരായ പരസ്യ നീക്കം വോട്ടു ബാങ്കിൽ ചോർച്ചയ്ക്കിടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണിത്. ഉപരാഷ്ട്രപതി തെര‍‍ഞ്ഞെടുപ്പിൽ സംയുക്ത സ്ഥാനാർത്ഥിക്കായി ഇതിനിടെ ശരദ് പവാർ ചർച്ചകൾ തുടങ്ങി.

രാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ ദില്ലിയിൽ ആദ്യ യോഗം വിളിച്ചത് മമത ബാനർജിയാണ്. കോൺഗ്രസ് വിളിച്ചാൽ പല പാർട്ടികളും വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യോഗത്തിന് മമത മുൻകൈ എടുത്തത്. യശ്വന്ത് സിൻഹയെ ഒടുവിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ച യോഗത്തിൽ അദ്ധ്യക്ഷനായത് ശരദ് പവാറാണ്. എൻഡിഎ ദ്രൗപദി മുർമുവിനെ സ്ഥാനാർത്ഥിയാക്കിയതോടെ മമത ബാനർജി വെട്ടിലായി. പശ്ചിമ ബംഗാളിലെ പട്ടിക വിഭാഗം തൃണമൂൽ കോൺഗ്രസിനറെ വോട്ടുബാങ്കാണ്. സാന്താൾ വിഭാഗത്തിലെ ഒരു വനിതയെ പരസ്യമായി എതിർക്കുന്നത് വോട്ടുബാങ്ക് ചോരാൻ ഇടയാക്കും എന്നാണ് മമത കരുതുന്നത്. അതിനാൽ യശ്വന്ത് സിൻഹയോട് ബംഗാളിലേക്ക് വരേണ്ടെന്ന് മമത നിർദ്ദേശിച്ചു. സംസ്ഥാനത്തെ കാര്യങ്ങൾ താൻ നോക്കികോളാം എന്ന ഉറപ്പും നല്കി. സിൻഹയ്ക്കു തന്നെയാവും വോട്ടെന്നാണ് തൃണമൂൽ കോൺഗ്രസ് പറയുന്നത്. തല്ക്കാലം പരസ്യനീക്കം വേണ്ടെന്നാണ് നിലപാട്. ജെഎംഎം ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ഝാർഖണ്ടിലേക്കുള്ള യാത്രയും യശ്വന്ത് സിൻഹ വേണ്ടെന്നു വച്ചു. രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നത് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കത്തെയും ബാധിച്ചിട്ടുണ്ട്. ശരദ് പവാറിൻറെ വീട്ടിൽ ഇന്നലെ പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്നെങ്കിലും ഒരു പേരിലേക്ക് എത്താനായില്ലെന്നാണ് സൂചന.

റബ്ബർ സ്റ്റാംപ് പ്രസിഡന്‍റിനെയല്ല രാജ്യത്തിനാവശ്യം; 'നോ' പറയാൻ തനിക്ക് ധൈര്യമുണ്ടെന്നും യശ്വന്ത് സിന്‍ഹ

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. ജനക്ഷേമമല്ല, എങ്ങനെയും തെരഞ്ഞെടുപ്പ് ജയിച്ച് ഭരണത്തിൽ തുടരാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. 

അവരുടെ ആശയങ്ങൾ രാജ്യത്തിന് ആപത്താണ്. ജനാധിപത്യം നിലനിൽക്കണമെങ്കിൽ ഇതിനെതിരെ പോരാടണം. റബ്ബർ സ്റ്റാംപ് പ്രസിഡന്‍റിനെയും നിശബ്ദനായ പ്രസിഡന്‍റിനെയും അല്ല രാജ്യത്തിന് ആവശ്യം. സ്വത്വങ്ങൾ തമ്മിലല്ല ആശയങ്ങൾ തമ്മിലാണ് മത്സരം . ഭരിക്കുന്നവരോട് നോ പറയാൻ ധൈര്യമുള്ള പ്രസിഡൻറിനെയാണ് വേണ്ടത്. ആ ധൈര്യം തനിക്കുണ്ടെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.കോണ്‍ഗ്രസ്, ടിഎംസി, സമാജ് വാദി പാര്‍ട്ടി, ശിവസേന, ഇടത് പാര്‍ട്ടികളടക്കം 12 കക്ഷികള്‍ യശ്വന്ത് സിന്‍ഹയ്ക്ക്  പിന്തുണയറിയിച്ചിട്ടുണ്ട്.

ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂലൈ 21ന് ആണ്. 4809 പേർക്കാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയുക. 776 എംപിമാരും 4033 എംഎൽഎമാരും ആണിത്. ആകെ വോട്ടു മൂല്യം 10,86,431  ആണ്. വോട്ടെടുപ്പ് പാർലമെൻറ് മന്ദിരത്തിലും നിയമസഭകളിലും നടക്കും. വോട്ടെണ്ണൽ ദില്ലിയിലായിരിക്കും. വോട്ടെടുപ്പിന് ശേഷം ബാലറ്റു പെട്ടികൾ വിമാനമാർഗ്ഗം ദില്ലിയിൽ എത്തിക്കും. രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദിയാണ് വരണാധികാരി.

 

 

click me!