
ദില്ലി: രാജ്യത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 31 ആയി. ദില്ലി ഉത്തം നഗര്‍ സ്വദേശിയായ ആള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ നേരത്തെ തായ്‍ലന്‍ഡും മലേഷ്യയും സന്ദര്‍ശിച്ചിരുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്ത് എത്തി. വൈറസ് പടരുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. പരിപാടികൾ സംഘടിപ്പിക്കേണ്ടി വന്നാൽ മതിയായ മുൻകരുതൽ എടുക്കാൻ സംസ്ഥാന സർക്കാരുകള്‍ സംഘാടകർക്ക് നിർദേശം നല്‍കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
അതേസമയം കൊവിഡ് 19 വൈറസ് രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്ത് കനത്ത ആഘാതം ഏല്‍പിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ രാജ്യത്തിന്‍റെ സ്ഥിതി അതീവഗുരുതരമാണെന്ന് അഭിപ്രായപ്പെട്ട മന്‍മോഹന്‍ സിംഗ് പ്രതിസന്ധിയെ നേരിടാന്‍ മൂന്ന് നിര്‍ദേശങ്ങളും മുന്നോട്ട് വച്ചു.
കൊവിഡ് 19 വൈറസ് ബാധ നേരിടാന്‍ വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തുക, നിര്‍ണായക ഘട്ടത്തില്‍ രാജ്യത്ത് ഐക്യം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ് അതിനാല്‍ പൗരത്വ നിയമം പിന്‍വലിക്കുകയോ, ഭേദഗതി ചെയ്യുകയോ ചെയ്യുക, സാമ്പത്തികരംഗം പുനരുജ്ജീവിപ്പിക്കാന്‍ ധനഉത്തേജക പാക്കേജ് നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്‍മോഹന്‍സിംഗ് മുന്നോട്ട് വച്ചിരിക്കുന്നത്. ദില്ലി കലാപം, സാമ്പത്തിക പ്രതിസന്ധി, കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് മുൻ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam