കൊവിഡില്‍ രാജ്യത്ത് ഒരുമരണം കൂടി, മരണസംഖ്യ 10 ആയി; അഞ്ഞൂറിലധികം രോഗബാധിതര്‍

By Web TeamFirst Published Mar 24, 2020, 2:23 PM IST
Highlights

കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായും വിവരം. ദില്ലിക്കടുത്ത മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 ഇറ്റാലിയൻ വിനോദസഞ്ചാരികളും ഇവരിൽ ഉൾപ്പെടുന്നു. 
 

മുംബൈ: കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. മഹാരാഷ്ട്രയിലെ കസ്തൂർബ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുഎഇ പൗരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറ് കടന്നു. കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായും വിവരം. ദില്ലിക്കടുത്ത മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 ഇറ്റാലിയൻ വിനോദസഞ്ചാരികളും ഇവരിൽ ഉൾപ്പെടുന്നു. 

അതേസമയം ഇരുപത്തിയാറ് സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. വ്യാഴാഴ്ചത്തെ അഭിസംബോധനയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനത കർഫ്യു പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ രാജ്യം ലോക്ക് ഡൗണിലേക്ക് പോയി. ജനങ്ങൾ ലോക്ക് ഡൗണ്‍ നിർദ്ദേശം പാലിക്കാത്തതിൽ പ്രധാനമന്ത്രി ഇന്നലെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. 

ലോക്ക് ഡൗണിന് പിന്നാലെയുള്ള നടപടികൾ നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിക്കും. ഭരണഘടനയുടെ 53,54, 74 തുടങ്ങിയ അനുച്ഛേദങ്ങൾ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ലോക്ക് ഡൗൺ നിർദ്ദേശം നല്കിയതെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാൽ 352 ആം അനുച്ഛേദപ്രകാരം എന്തെങ്കിലും അടിയന്തരാവസ്ഥയ്ക്ക് ഇപ്പോൾ സാഹചര്യമില്ല. കൊവിഡ് ഭീഷണി നേരിടാൻ സാമ്പത്തിക പാക്കേജും പ്രധാനമന്തി പ്രഖ്യാപിച്ചേക്കും. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!