'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' രാജ്യത്തിന്റെ അനിവാര്യതയെന്ന് മോദി

By Web TeamFirst Published Nov 26, 2020, 7:47 PM IST
Highlights

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് സംവാദ വിഷയം മാത്രമല്ല,  രാജ്യത്തിന്റെ അനിവാര്യതയാണ്.
 

ദില്ലി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' വാദമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ തെരഞ്ഞെടുപ്പിനും ഒറ്റ വോട്ടര്‍ പട്ടിക എന്നത് വികസന പ്രവര്‍ത്തനങ്ങളില്‍ ഇടക്കിടെയുള്ള തടസ്സം ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാദിനത്തില്‍ 80ാമത് ആള്‍ ഇന്ത്യ പ്രിസൈഡിംഗ് ഓഫിസേഴ്‌സ് കോണ്‍ഫറന്‍സ് വീഡിയോ കോണ്‍ഫന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് സംവാദ വിഷയം മാത്രമല്ല,  രാജ്യത്തിന്റെ അനിവാര്യതയാണ്. മാസങ്ങള്‍ കൂടുമ്പോള്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇടക്കിടെയുണ്ടാകുന്ന തെരഞ്ഞെടുപ്പുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാക്കുന്ന തടസ്സങ്ങള്‍ എല്ലാവര്‍ക്കും അറിയാം്. ഈ പ്രശ്നം പഠനവിധേയമാക്കണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും മോദി പറഞ്ഞു.

ലോക്സഭ, നിയമസഭ, തദ്ദേശം തെരഞ്ഞെടുപ്പുകള്‍ക്കെല്ലാം ഒറ്റ ഒരു വോട്ടര്‍ പട്ടിക മതിയാകും. ഓരോ തെരഞ്ഞെടുപ്പിനും വെവ്വേറെ പട്ടിക തയ്യാറാക്കുന്നത് അനാവശ്യ ചെലവാണുണ്ടാക്കുന്നതെന്നും എന്തിനാണ് പണവും സമയവും അനാവശ്യമായി പാഴാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലെജിസ്ലേച്ചറും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും കൂടുതല്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയാണ് നമ്മുടെ വഴികാട്ടിയാകേണ്ടതെന്നും ഓരോ തീരുമാനത്തിന് പിന്നിലും ദേശീയ താല്‍പര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
 

click me!