
സൂറത്ത്: 15 തൊഴിലാളി കുടുംബങ്ങളുടെ കുടിലുകൾക്ക് തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുഹമ്മദ് റഫീഖ് കുംഭാർ എന്നയാളാണ് അറസ്റ്റിലായത്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വീടുകൾക്ക് ഇയാൾ തീയിട്ടത്. കുടിലുകൾ പൂർണ്ണമായും കത്തിനശിച്ചെങ്കിലും സംഭവത്തിൽ ആർക്കും പരിക്കില്ല.
അഞ്ജാർ ടൗണിൽ നിന്ന് തൊഴിലാളികളെ ഇയാൾ ജോലിക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. എന്നാൽ അവർക്ക് കൂലി നൽകാറില്ല. ഇതിനെ തുടർന്ന് തൊഴിലാളികൾ പിന്നീട് ജോലിക്ക് പോകാൻ വിസമ്മതിച്ചു. ഇതാണ് പകയ്ക്ക് കാരണം. 15തൊഴിലാളികളുടെ വീടുകൾക്ക് ഇയാൾ തീയിടുകയായിരുന്നു. ജോലി ചെയ്തിട്ടും ശമ്പളം നൽകിയില്ലെന്ന് പരാതിക്കാരനായ ബദരീനാഥ് ഗംഗാറാം യാദവ് പറഞ്ഞു. അഗ്നി ശമനസേനയെത്തുമ്പോഴേക്കും വീട്ടുസാധനങ്ങളെല്ലാം കത്തിച്ചാമ്പലാവുകയും വീട് പൂർണ്ണമായും കത്തി നശിക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8