ബീഹാറില്‍ ഒരാഴ്ച്ചക്കിടെ മസ്തിഷ്ക്കവീക്കം ബാധിച്ച് മരിച്ചത് 40 കുട്ടികള്‍

By Web TeamFirst Published Jun 11, 2019, 8:16 PM IST
Highlights

രക്തത്തിൽ ഗ്ലൂക്കോസിൻറെ അളവ് കുറയുന്ന രോഗാവസ്ഥയായ ഹൈപ്പോഗ്ലൈക്കീമിയ എന്ന രോഗം മൂലമാണ് കുട്ടികൾ മരിച്ചതെന്നാണ് ബിഹാർ ആരോഗ്യ വകുപ്പിൻറെ വിശദീകരണം

പട്ന:  ബിഹാറിൽ മസ്തിഷ്ക്കവീക്കം ബാധിച്ച് ഒരാഴ്ച്ചക്കിടെ നാല്പത് കുട്ടികൾ മരിച്ചു. ഇന്നലെ മാത്രം ഇരുപത് കുട്ടികൾ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. തെക്കൻ ബീഹാറിലെ മുസാഫർപൂറിലെ ആശുപത്രികളിലാണ് മസ്തിഷ്ക്കവീക്കം ബാധിച്ച കുട്ടികളിലധികം പേരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. 

അതേസമയം രക്തത്തിൽ ഗ്ലൂക്കോസിൻറെ അളവ് കുറയുന്ന രോഗാവസ്ഥയായ ഹൈപ്പോഗ്ലൈക്കീമിയ എന്ന രോഗം മൂലമാണ് കുട്ടികൾ മരിച്ചതെന്നാണ് ബിഹാർ ആരോഗ്യ വകുപ്പിൻറെ വിശദീകരണം. കഴിഞ്ഞ വർഷവും മസ്തിഷ്ക്കവീക്കം ബാധിച്ച് ബിഹാറിൽ പത്ത് കുട്ടികൾ മരിച്ചിരുന്നു. 

40 കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് പുറത്തു വരുമ്പോഴും 11 മരണം മാത്രമാണ് ആരോഗ്യ വകുപ്പ് സ്ഥരീകരിച്ചിട്ടുള്ളത്.  സാഹചര്യം അതീവ ഗുരുതരമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.  സാഹചര്യങ്ങള്‍ ഉടന്‍ നിയന്ത്രണ വിധേയമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട്  ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കുട്ടികളെ പുറത്ത് കളിക്കാന്‍ വിടരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 

തലച്ചോറിനെ ബാധിക്കുന്ന ഈ കടുത്ത പനി പരത്തുന്നത് കൊതുകുകളാണ്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണ് സാധാരണയായി ഈ പനി ബാധിക്കുക. പ്രളയം നേരിട്ട ബീഹാറിന്റെ വടക്കന്‍ മേഖലയില്‍ നിന്നുള്ള കുട്ടികളാണ് മരിച്ചവരില്‍ ഏറിയ പങ്കും.  പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശിച്ചു. 

click me!