നടൻ വിജയ്‍യുടെ ടിവികെ നേതാവ് രജനീകാന്തിനെതിരെ ഉന്നയിച്ച ആരോപണം തമിഴ്നാട് രാഷ്ട്രീയത്തിൽ വിവാദമായി. ഡിഎംകെ ഭീഷണി മൂലമാണ് രജനി രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു, കാലം മറുപടി നൽകുമെന്ന് പ്രതികരിച്ചു. ഇതോടെ ടിവികെ-ബിജെപി സഖ്യ സാധ്യതകൾക്ക് മങ്ങലേറ്റു.
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ വിവാദ കൊടുങ്കാറ്റ്. നടൻ വിജയ്‍യുടെ പാർട്ടിയായ ടിവികെയ നേതാവ് ആധവ് അർജുനൻ സൂപ്പർ സ്റ്റാർ രജനീകാന്തിനെതിരെ രംഗത്തെത്തിയതോടെയാണ് വിവാദമുടലെടുത്തത്. പിന്നാലെ ടിവികെക്കെതിരെ ബിജെപി നേരിട്ട് രംഗത്തെത്തി. ഇതോടെ ടിവികെയും ബിജെപിയും തമ്മിലുള്ള സഖ്യ സാധ്യത താൽക്കാലികമായി അടഞ്ഞു. വിവാദങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി രജനീകാന്തും രംഗത്തെത്തി. അർജുനയുടെ ആരോപണം രജനീകാന്ത് നിഷേധിച്ചു. ഇതിനു മറുപടി നൽകാൻ കാലം കാത്തിരിക്കുന്നുണ്ടെന്ന് രജനീകാന്ത് പറഞ്ഞു.
ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണിയെത്തുടർന്നാണ് രജനീകാന്ത് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതെന്ന് അർജുന കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ആരോപിച്ചിരുന്നു. വിജയുടെ ശക്തി പ്രകടിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പരാമർശമായിരുന്നെങ്കിലും പിന്നീട് വിവാദമായി. എഐഎഡിഎംകെ മേധാവി എടപ്പാടി കെ പളനിസ്വാമി പരാമർശത്തെ എതിർത്ത് രംഗത്തെത്തി. രാഷ്ട്രീയമായി മര്യാദയില്ലാത്ത പ്രസ്താവനയാണെന്ന് പറഞ്ഞ അദ്ദേഹം, രജനീകാന്തിനെ പ്രതിരോധിക്കാൻ രംഗത്തെത്തി. രജനീകാന്ത് രാഷ്ട്രീയത്തിനപ്പുറം ആദരിക്കപ്പെടുന്ന ഒരു സിനിമാ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുന്ന രീതിയിൽ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് ഒരു വ്യക്തിയുടെ അവകാശമാണ്, അങ്ങനെ ചെയ്യാതിരിക്കുന്നതും അവകാശം തന്നെ. അദ്ദേഹം തന്റെ കാരണങ്ങൾ വിശദീകരിച്ചിട്ടുണ്ട്, അവയെ ബഹുമാനിക്കണമെന്നും പളനിസ്വാമി പറഞ്ഞു. പരാമർശങ്ങൾ രാഷ്ട്രീയ മര്യാദയുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി നേതാവ് കെ അണ്ണാമലൈയും അർജുനനെ വിമർശിച്ച് രംഗത്തെത്തി. രജനീകാന്തിന്റെ ഔന്നത്യത്തെ പ്രകീർത്തിക്കുകയും സൂപ്പർസ്റ്റാറിന്റെ പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ 50 വർഷത്തിലേറെയായി ഇത്തരമൊരു ഉന്നതി നിലനിർത്തുന്നത് അസാധാരണമായ മാനസിക ശക്തിയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അണ്ണാമലൈ പറഞ്ഞു. മൂന്ന് പതിറ്റാണ്ടോളം രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സജീവമായി നിലനിർത്തിയ രജനീകാന്ത്, ആരോഗ്യപരമായ കാരണങ്ങളും കോവിഡ്-19 പാൻഡെമിക്കും ചൂണ്ടിക്കാട്ടി 2020 ൽ ഔദ്യോഗികമായി പിന്മാറുകയായിരുന്നു.
