
ഭോപാൽ: 30000 രൂപ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥയുടെ വീട് റെയഡ് ചെയ്തപ്പോൾ ഞെട്ടി ഉദ്യോഗസ്ഥർ. 7 ആഡംബര കാറുകൾ, 20,000 ചതുരശ്ര അടി ഭൂമി, വിലയേറിയ ഗിർ ഇനത്തിൽപ്പെട്ട രണ്ട് ഡസൻ കന്നുകാലികൾ, 30 ലക്ഷം രൂപ വിലയുള്ള ഉയർന്ന വിലയുള്ള 98 ഇഞ്ച് ടിവി എന്നിവയുൾപ്പെടെ 20 വാഹനങ്ങളും കണ്ടെത്തി. ഏഴ് കോടിയുടെ സ്വത്താണ് ഉദ്യോഗസ്ഥർ തിട്ടപ്പെടുത്തിയത്. പ്രതിമാസം 30,000 രൂപ മാത്രം ശമ്പളമുള്ള 36 കാരിയായ മധ്യപ്രദേശ് സർക്കാർ ഉദ്യോഗസ്ഥ ഹേമ മീണയാണ് അഴിമതി വിരുദ്ധ റെയ്ഡിൽ കുടുങ്ങിയത്.
മധ്യപ്രദേശ് പോലീസ് ഹൗസിംഗ് കോർപ്പറേഷനിലെ കരാർ ഇൻ-ചാർജ് അസി. എഞ്ചിനീയറായിരുന്നു. പത്ത് വർഷത്തിലേറെയായി സർവീസിൽ കയറിയിട്ട്. തന്റെയും കുടുംബത്തിന്റെയും പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്താണ് ഇവർ സ്വന്തമാക്കിയതെന്ന് സ്ക്വാഡ് കണ്ടെത്തി. കരാർ അടിസ്ഥാനത്തിലാണ് ഹേമയുടെ ജോലി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ ലോകായുക്ത പ്രത്യേക പൊലീസ് സംഘമാണ് വ്യാഴാഴ്ച റെയ്ഡ് നടത്തിയത്. കുടുംബാംഗങ്ങളുടെ പേരിലാണ് കൂടുതൽ സ്വത്തുക്കളുമെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.
ഭോപാലിൽ പിതാവിന്റെ പേരിലാണ് 20,000 ചതുരശ്ര അടി ഭൂമി വാങ്ങിയത്. റൈസണിലും വിദിഷയിലും ഭൂമിയുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. പൊലീസ് ഹൗസിങ് കോർപറേഷൻ പദ്ധതികളിലെ നിർമാണ സാമഗ്രികൾ തന്റ ആംഡംബര വീട് നിർമാണത്തിനും മീണ ഉപയോഗിച്ചു. സർക്കാർ വിതരണം ചെയ്ത കാർഷിക യന്ത്രങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തു. താമസ സ്ഥലത്ത് 100 നായ്ക്കൾ, സമ്പൂർണ വയർലെസ് കമ്മ്യൂണിക്കേഷൻ സിസ്റ്റം, മൊബൈൽ ജാമറുകൾ എന്നിവയുൾപ്പെടെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി.
വ്യാഴാഴ്ച ലോകായുക്ത സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റിൽ (എസ്‌പിഇ) നിന്നുള്ള ഒരു സംഘം സോളാർ പാനലുകൾ നന്നാക്കാനെന്ന വ്യാജേനയാണ് ബംഗ്ലാവിൽ പ്രവേശിച്ചത്. ഒരു ദിവസം കൊണ്ട് ഏകദേശം 7 കോടി രൂപയുടെ ആസ്തി സംഘം കണ്ടെത്തി. ബിൽഖിരിയയിലെ വസതി ഉൾപ്പെടെ മൂന്നിടങ്ങളിൽ തിരച്ചിൽ നടത്തിയതായി ഭോപ്പാലിലെ ലോകായുക്ത പോലീസ് സൂപ്രണ്ട് മനു വ്യാസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam