
ബംഗളുരു: ഒരു സ്ക്രൂഡ്രൈവർ ഉൾപ്പെടെ ഏതാനും സാധനങ്ങളും വെറും ഒരു മിനിറ്റിൽ താഴെ സമയവും മതി പ്രസാദ് ബാബുവിന് ഒരു ഇരുചക്ര വാഹനം എടുത്തുകൊണ്ടുപോകാൻ. ഹാൻഡിൽ ലോക്ക് ചെയ്ത് ഉടമകൾ സുരക്ഷിതമായി വെച്ചിട്ടു പോകുന്ന വാഹനങ്ങളാണ് ഇങ്ങനെ സെക്കന്റുകൾക്കകം അപ്രത്യക്ഷമായിരുന്നത്. മോഷ്ടിച്ചെടുത്ത ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും എണ്ണം സെഞ്ച്വറി അടിച്ചു കഴിഞ്ഞ ശേഷമാണ് പൊലീസുകാർക്ക് പോലെ ഇയാളെ കണ്ടെത്താനായത്.
ബംഗളുരു പൊലീസാണ് കഴിഞ്ഞ ദിവസം പ്രസാദ് ബാബുവിനെ അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയായ പ്രസാദ് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ബംഗളുരുവിൽ നിന്ന് മാത്രം നൂറിലധികം ബൈക്കുകൾ മോഷ്ടിച്ചു. ഓട്ടോഡ്രൈവറായും മെക്കാനിക്കായും ജോലി ചെയ്യുന്ന ഇയാൾ ബംഗളുരുവിന് പുറമെ തമിഴ്നാട്ടിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നും ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയിട്ടുണ്ട്. തൊണ്ടി മുതലായി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളുടെ കൂട്ടത്തിൽ റോയൽ എൻഫീൽഡും മറ്റ് ബൈക്കുകളും സ്കൂട്ടറുകളുമൊക്കെ ഉണ്ടായിരുന്നു. ആകെ 112 ഇരുചക്ര വാഹനങ്ങൾ ഇങ്ങനെ പിടിച്ചെടുത്തതായി ബംഗളുരു പൊലീസ് പറഞ്ഞു.
കണ്ടെടുത്ത വാഹനങ്ങളിൽ 12 എണ്ണം തമിഴ്നാട് പൊലീസിന് കൈമാറി. 100 എണ്ണം ബംഗളുരുവിൽ നിന്ന് മോഷ്ടിച്ചതാണെന്ന് ഇയാൾ പറഞ്ഞു. മൂന്ന് വർഷത്തിലധികം നീണ്ട മോഷണങ്ങൾക്കിടെ ഇത് ആദ്യമായാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. ചിറ്റൂരിൽ നിന്ന് രാത്രി ബസിൽ കയറി ബംഗളുരുവിൽ എത്തും. കെആർ പുരയ്ക്ക് സമീപം അവലഹള്ളിയിലാണ് ബസ് ഇറങ്ങിയിരുന്നത്. ശേഷം ജനവാസ മേഖലകളിലൂടെ ചുറ്റിത്തിരിഞ്ഞ് വാഹനങ്ങൾ നോക്കി വെയ്ക്കും.
അധികം വെളിച്ചമില്ലാത്തതും വീതിയേറിയ റോഡുകളുള്ളതുമായ പ്രദേശങ്ങളാണ് തെരഞ്ഞെടുത്തിരുന്നത്. വൈകുന്നേരമാവുമ്പോഴേക്ക് എടുക്കേണ്ട ബൈക്ക് ഏതെന്ന് ഉറപ്പുവരുത്തും. മെക്കാനിക്ക് കൂടി ആയതിനാൽ ലോക്ക് പൊളിക്കാൻ അധികം സമയം അവശ്യമുണ്ടായിരുന്നില്ല. ഹാന്റിൽ ലോക്ക് എളുപ്പത്തിൽ തകർക്കാൻ നല്ല പ്രാവീണ്യമുണ്ടായിരുന്നു.
ഹാന്റിൽ ലോക്ക് ജോയിന്റിന് സമീപം സ്ക്രൂഡ്രൈവർ വെയ്ക്കുകയും ശേഷം കല്ലു കൊണ്ട് ഇടിച്ച് ലോക്ക് പൊട്ടിക്കുകയുമാണ് ചെയ്തിരുന്നത്. ശേഷം വയറുകൾ കൂട്ടിയോജിപ്പിച്ച് സ്റ്റാർട്ട് ചെയ്യും. അതേ വാഹനത്തിൽ തന്നെ ചിറ്റൂരിലെത്തും. നിസാര വിലയ്ക്കാണ് ഈ വാഹനങ്ങൾ വിറ്റിരുന്നത്. സ്കൂട്ടറുകൾക്ക് 10,000 മുതൽ 20,000 രൂപ മാത്രമാണ് വാങ്ങിയിരുന്നത്. ബൈക്കുകൾക്ക് 25,000 മുതൽ 30,000 രൂപ വരെയും ബുള്ളറ്റുകൾക്ക് 30,000 രൂപയിൽ അധികവും വാങ്ങിയായിരുന്നു വിൽപന. വാങ്ങുന്നവർക്കും ഇത് മോഷ്ടിച്ച് കൊണ്ടുവരുന്ന ബൈക്കുകളാണെന്ന് അറിയാമായിരുന്നു. അതുകൊണ്ടു കന്നെ രേഖകളൊന്നും ഇല്ലാതെയായിരുന്നു കച്ചവടം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam