തൃണമൂൽ എം.പി മഹുവാ മൊയ്ത്രയെ നാദിയയിലെ സർക്കാർ സർക്യൂട്ട് ഹൗസിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ചതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തി. സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി മൊയ്ത്ര ലോക്‌സഭ സ്പീക്കർക്ക് കത്തയച്ചപ്പോൾ, ഒരു വനിതാ ജനപ്രതിനിധിയെ വേട്ടയാടുകയാണെന്ന് തരൂർ ആരോപിച്ചു.

ദില്ലി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവാ മൊയ്ത്രയെ നാദിയയിലെ സർക്കാർ സർക്യൂട്ട് ഹൗസിൽ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ രംഗത്തെത്തി. മൊയ്ത്രയ്‌ക്കെതിരെ ജനക്കൂട്ടം പ്രതിഷേധവുമായി നിൽക്കുമ്പോൾ അവരെ സംരക്ഷിക്കേണ്ട ചുമതല സർക്കാരിനാണെന്നും താമസസ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയല്ല വേണ്ടതെന്നും തരൂർ വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലുള്ള സർക്യൂട്ട് ഹൗസിൽ താമസിക്കുമ്പോഴാണ് അടിയന്തരമായി മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിൽ നിന്ന് മൊയ്ത്രയ്ക്ക് നിർദ്ദേശം ലഭിച്ചത്. എന്നാൽ തനിക്ക് റൂം മുൻകൂട്ടി അനുവദിച്ചിരുന്നതാണെന്നും "മുകളിൽ നിന്നുള്ള ഉത്തരവ്" എന്ന് പറഞ്ഞാണ് രാത്രിയിൽ ഒഴിയാൻ നിർബന്ധിച്ചതെന്നും മഹുവാ മൊയ്ത്ര ആരോപിച്ചു. സർക്യൂട്ട് ഹൗസിന് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി പ്രതിഷേധമുയർത്തിയതായും അവർ വ്യക്തമാക്കി. തുടർന്ന് തനിക്കുണ്ടായ പീഡനത്തിലും സുരക്ഷാവീഴ്ചയിലും ഇടപടണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭ സ്പീക്കർ ഓം ബിർളയ്ക്ക് മഹുവാ മൊയ്ത്ര കത്തയച്ചു.

വനിതാ ജനപ്രതിനിധികളുടെ അന്തസ്സ് സംരക്ഷിക്കാൻ സ്പീക്കറുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട അവർ, വിഷയം കോടതിയിലേക്ക് കൊണ്ടുപോകുമെന്നും മുന്നറിയിപ്പ് നൽകി. ഈ സംഭവത്തിൽ പ്രതികരിച്ച ശശി തരൂർ, അഭിപ്രായവ്യത്യാസത്തിൻ്റെ പേരിൽ ഒരു വനിതാ ജനപ്രതിനിധിയെ വേട്ടയാടുമ്പോൾ എല്ലാ ജനാധിപത്യവാദികളും മൊയ്ത്രയ്ക്കൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തിൽ തന്നെ ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികൾ ഉണ്ടാകാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.