
ദില്ലി: 'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ദില്ലിയിലെത്തി. 230 പേർ അടങ്ങുന്ന സംഘത്തിൽ 7 പേർ മലയാളികളാണുള്ളത്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ദില്ലി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമാണ് 'ഓപ്പറേഷൻ അജയ്'. ഇസ്രയേലില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനുശേഷം വരാന്‍ കഴിയാത്തവരും യുദ്ധത്തെതുടര്‍ന്ന് അവിടെ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഉള്‍പ്പെടെയാണ് ഇന്ത്യയിലെത്തിക്കുന്നത്. ആദ്യസംഘത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 7 മലയാളികളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മടങ്ങിയെത്തിയവരെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ ഹെൽപ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്. ദില്ലിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ദില്ലി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079.
വെബ്സെറ്റിൽ രജിസ്റ്റർ ചെയ്യാം
ഇസ്രയേലിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ എത്തുന്നത് വരെയുള്ള തയ്യാറെടുപ്പുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണിതെന്ന് നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമോൻ അറിയിച്ചു. ലിങ്ക് : https://keralahouse.kerala.gov.i/repatriation-of-keralites-from-israel
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam