
ദില്ലി: ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്ന് ഇന്ത്യ.ഭീകരവാദത്തെ എല്ലാതരത്തിലും ശക്തമായി നേരിടണമെന്നും ഹമാസിന്‍റേത് ഭീകരാക്രമണമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലില്‍നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ഓപ്പറേഷൻ അജയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം നടപടികള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. പലസ്തീനെക്കുറിച്ചുള്ള ഇന്ത്യന്‍ നിലപാടിൽ മാറ്റമില്ലെന്നും പരമാധികാര പലസ്തീൻ രാജ്യം രൂപീകരിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ പരിക്കേറ്റ മലയാളി ഷീജയുമായി സമ്പര്‍ക്കത്തിലാണെന്നും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നുമാണ് ലഭിക്കുന്ന വിവരമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഓപ്പറേഷന്‍ അജയ് ദൗത്യത്തിന് തല്‍ക്കാലം വ്യോമസേന വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടില്ല. ആദ്യ വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടുവെന്നും നാളെ രാവിലെ ഇന്ത്യക്കാരുമായി തിരികെ എത്തുമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, കാനഡ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടും വിദേശകാര്യ മന്ത്രാലയം തള്ളിയില്ല.
പല തലത്തിൽ ഇന്ത്യ, കാനഡയുമായി സമ്പർക്കത്തിലാണെന്നും കാനഡ ഭീകരർക്ക് ഇടം നല്കുന്നതാണ് പ്രധാന വിഷയമെന്നുമായിരുന്നു വിഷയത്തില്‍ അധികൃതരുടെ പ്രതികരണം. ഓപ്പറേഷന്‍ അജയ് ദൗത്യത്തിന്‍റെ ഭാഗമായി ദില്ലിയില്‍ നടന്ന ഉന്നതതല യോഗത്തില്‍ ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡർ അടക്കം ഓൺലൈനായി പങ്കെടുത്തു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം.
230 പേരെയാണ് ഇസ്രയേലില്‍നിന്ന് നാളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും വിദ്യാർത്ഥികളായിരിക്കും. യാത്ര സൗജന്യമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഓപ്പറേഷൻ ദേവി ശക്തി, യുക്രൈനിൽ നിന്ന് ഓപ്പറേഷൻ ഗംഗ. ഈ രണ്ട് ദൗത്യങ്ങൾക്കു ശേഷമാണ് ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷൻ അജയക്ക് തുടക്കമാകുന്നത്. ഇതുവരെ രണ്ടായിരത്തിലധികം പേർ ഇസ്രയേലില്‍ നിന്ന് മടങ്ങാൻ താൽപര്യമറിയിച്ചെന്നാണ് സൂചന. ഇതിൽ ഭൂരിഭാഗവും ഇസ്രായേലിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്.
'ഓപ്പറേഷന്‍ അജയ്', ആദ്യ വിമാനം നാളെ രാവിലെ തിരിച്ചെത്തും, കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം