
ദില്ലി: സുഡാനിൽ നിന്നും ഓപ്പറേഷൻ കാവേരിയിലൂടെ ഇതുവരെ ഇന്ത്യയിലെത്തിച്ചത് 2300 ഓളം പേരെയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഏറ്റവും ഒടുവിൽ 40 പേരെ സൈനിക വിമാനത്തിൽ ദില്ലിയിൽ എത്തിച്ചു എന്നും എസ് ജയശങ്കർ പറഞ്ഞു. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ഓപ്പറേഷൻ കാവേരിയുടെ പ്രവർത്തനങ്ങൾ സുഗമമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അവശേഷിക്കുന്ന ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യാഴാഴ്ച രാവിലെവരെ 1,100 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 606 പേർ ഇതിനകം ഇന്ത്യയിൽ എത്തി. ഇതിൽ 27 മലയാളികളും ഉൾപ്പെടും. ജിദ്ദയിൽ എത്തിയ ബാക്കിയുള്ളവരെ വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് നാട്ടിലെത്തിക്കും. വരും ദിവസങ്ങളിൽ സുഡാനിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യക്കാർ കൂടി പോർട്ട് സുഡാനിൽനിന്ന് ഓപറേഷൻ കാവേരി വഴി ജിദ്ദയിലെത്തും. ജിദ്ദയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആണ് പ്രവർത്തിക്കുന്നത്.
സുഡാനിലുള്ള ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്നും അവർ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി മുഴുവൻ സമയവും രംഗത്തുണ്ടെന്നും മന്ത്രി പറഞ്ഞു. സൗദി ഭരണകൂടത്തിന്റ ഭാഗത്ത് നിന്നും ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത് നിന്നും പൂർണമായുമുള്ള സഹകരണമാണ് ലഭിക്കുന്നത്. അവരുടെ കൂടി സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. സൗദിയുടെ സഹകരണത്തിന് കേന്ദ്ര സർക്കാറിന്റ കൃതജ്ഞത രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.
ഓപ്പറേഷൻ കാവേരി: സുഡാനിൽ നിന്നെത്തിയവർ ക്വാറന്റീൻ പാലിക്കണമെന്ന് വിമാനത്താവള അധികൃതർ