
ദില്ലി: രാജ്യ തലസ്ഥാനത്ത് ഓപ്പറേഷൻ താമരയുടെ പേരിൽ ആം ആദ്മി - ബിജെപി പോര് മുറുകുന്നു. ഓപ്പറേഷൻ താമരയിൽ അന്വേഷണം ആവശ്യപ്പെട്ട് സിബിഐ ഡയറക്ടറെ കാണാൻ എത്തിയ 'ആപ്' എംഎൽഎമാരെ തടഞ്ഞതിന് പിന്നാലെ, എംഎൽഎമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ലഫ്റ്റ്നന്റ് ഗവർണർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് നാല് എംഎൽഎമാർക്കതിരെ ഗവർണർ നിയമ നടപടി തുടങ്ങി.
40 എംഎൽഎമാരെ ബിജെപി പക്ഷത്തേക്ക് ചാടിക്കാൻ 20 കോടി വീതം ബിജെപി വാഗ്‍ദാനം ചെയ്തെന്ന ആരോപണം ആം ആദ്മി പാർട്ടി ഉന്നയിച്ചതിന് പിന്നാലെയാണ് ദില്ലിയിൽ 'ആപ്' - ബിജെപി പോര് കനത്തത്. ആരോപണ-പ്രത്യോരോപണങ്ങൾക്ക് പിന്നാലെ, വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിബിഐ ആസ്ഥാനത്ത് ആം ആദ്മി എംഎൽഎമാരെത്തി. എന്നാൽ പരാതി നൽകാനെത്തിയ എംഎൽഎമാരെ തടഞ്ഞു. ഇതിനു പിന്നാലെ എംഎൽഎമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഒന്നര മണിക്കൂർ പിന്നിട്ടതോടെ സിബിഐ ഉദ്യോഗസ്ഥർ എംഎൽഎമാരെ കാണാനെത്തി. ഒടുവിൽ രണ്ടു പേരെ സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. പരാതി നൽകിയെന്നും തുടർ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും എംഎൽഎമാർ അറിയിച്ചു. അതേസമയം ആരോപണം വ്യാജമാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപിമാർ ലെഫ്റ്റനന്റ് ഗവർണർക്കും പരാതി നൽകിയിട്ടുണ്ട്. അതിനിടെ പട്‌പർഗഞ്ചിലെ അനധികൃത നിർമാണത്തിന് സഹായം നൽകിയെന്ന ആരോപണം പരിശോധിക്കാൻ എൻജിടി സമിതി രൂപീകരിച്ചു. 1,400 കോടി രൂപയുടെ കള്ളപ്പണം ആരോപണം ഉന്നയിച്ച എംഎൽഎമാർക്കെതിരായ നിയമ നടപടിക്കും ഇതിനിടെ, ദില്ലി ലെഫ്റ്റ്നന്റ് ഗവർണറുടെ ഓഫീസ് തുടക്കം കുറിച്ചിട്ടുണ്ട്.