
ബംഗളൂരു: അടുത്ത വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി പ്രതിപക്ഷ പാർട്ടുകൾ. പ്രതിപക്ഷ വിശാല സഖ്യത്തിന് ഇന്ത്യ എന്ന പേരാണ് നൽകിയിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് പൂര്‍ണ രൂപം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ 26 പ്രതിപക്ഷ പാർട്ടികളാണ് ഒന്ന് ചേർന്ന് 2024 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കിയിരിക്കുന്നത്.
2024 തെരഞ്ഞെടുപ്പിനെ മോദിയും 'ഇന്ത്യ'യും തമ്മിലുള്ള പോരാട്ടമെന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. 26 പാർട്ടികളും സംയുക്തമായി ഒരു പൊതുമിനിമം അജണ്ട മുന്നോട്ട് വച്ച് ഒറ്റ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് യോഗത്തിന് ശേഷം പാർട്ടി നേതാക്കൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.
ഇതിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യം അടുത്ത യോഗത്തിൽ ചർച്ചയാകും. അടുത്ത പ്രതിപക്ഷ നേതൃസംഗമം മുംബൈയിൽ വച്ചാണ് നടക്കുക. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു. ജനാധിപത്യം സംരക്ഷിക്കാനാണ് അഭിപ്രായ ഭിന്നതകൾ മാറ്റി വച്ച് ഒന്നിച്ചതെന്ന് ഖാർഗെ വ്യക്തമാക്കി. 'ഇന്ത്യ' സഖ്യത്തെ ജയിക്കാൻ ധൈര്യമുണ്ടോ എന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്.
ജനാധിപത്യത്തിൽ വിശ്വാസമുണ്ടെങ്കിൽ പല ആശയധാരകളിൽ ഉള്ളവർക്കും ഒന്നിച്ച് നിൽക്കാനാകുമെന്നതിന്‍റെ തെളിവാണ് പ്രതിപക്ഷ ഐക്യമെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഇത് രാജ്യത്തിന്‍റെ ശബ്ദം തിരിച്ച് പിടിക്കാനുള്ള സഖ്യമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതിനാലാണ് സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടതെന്നും രാഹുൽ വ്യക്തമാക്കി. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് രണ്ട് ദിവസമായി ബെംഗളുരുവിൽ നടന്ന പ്രതിപക്ഷ ഐക്യയോഗത്തിൽ പങ്കെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam