എംഎൽഎമാർക്കെതിരായ നടപടിക്ക് പിന്നിൽ ഒ രാജഗോപാലിന്റെ നിർദ്ദേശമെന്ന് രമേശ് ചെന്നിത്തല

By Web TeamFirst Published Nov 21, 2019, 11:47 AM IST
Highlights
  • കൂടിയാലോചിക്കാമെന്ന് പറഞ്ഞിട്ട്, പ്രതിപക്ഷവുമായി ആലോചിക്കാതെ നടപടിയെടുത്തതിലാണ് പ്രതിഷേധമെന്ന് രമേശ് ചെന്നിത്തല
  • സ്പീക്കർ വിളിച്ചുചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിൽ എംഎൽഎമാർക്കെതിരെ നടപടി വേണമെന്ന് ഒ.രാജഗോപാൽ ആവശ്യപ്പെട്ടിരുന്നു

തിരുവനന്തപുരം: നാല് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നടപടിയെടുത്തത് സഭയിലെ ബിജെപി അംഗമായ ഒ.രാജഗോപാലിന്റെ ഉപദേശം കേട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടിയാലോചിച്ച ശേഷമേ നടപടിയെടുക്കൂ എന്ന് പറഞ്ഞ ശേഷം ഏകപക്ഷീയമായാണ് സ്പീക്കർ നടപടിയെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൂടിയാലോചിക്കാമെന്ന് പറഞ്ഞിട്ട്, പ്രതിപക്ഷവുമായി ആലോചിക്കാതെ നടപടിയെടുത്തതിലാണ് പ്രതിഷേധമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ സർക്കാർ നൽകുന്നത് തെറ്റായ സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ സ്പീക്കർ വിളിച്ചുചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിൽ എംഎൽഎമാർക്കെതിരെ നടപടി വേണമെന്ന് ഒ.രാജഗോപാൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ എല്ലാവരുമായും കൂടിയാലോചിച്ച ശേഷം നടപടിയെടുക്കാമെന്നാണ് സ്പീക്കർ പറഞ്ഞത്. "സ്പീക്കർ കഴിഞ്ഞ കാല സംഭവങ്ങൾ മറക്കരുത്" എന്ന് പറഞ്ഞ ചെന്നിത്തല, ശ്രീരാമകൃഷ്ണൻ തന്നെ നടപടിയെടുത്തത് കാവ്യനീതിയാണെന്നും പരിഹസിച്ചു.

click me!