ടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്ന് മെഡിക്കൽ റിപ്പോർട്ട്. സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് കൈമാറിയ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ജാമ്യ ഹർജിയിൽ കോടതി തീരുമാനമെടുക്കുക.
തിരുവനന്തപുരം: ടി പി കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയുന്ന ജ്യോതിബാബുവിന്‍റെ മെഡിക്കൽ റിപ്പോർട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് കൈമാറി. ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വൃക്ക മാറ്റി വയ്ക്കൽ നടത്തുന്നത് വരെ ഡയാലിസിസ് അനിവാര്യം എന്നും മെഡിക്കൽ റിപ്പോർട്ടിലുണ്ട്.
കണ്ണൂർ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ മേധാവി രഞ്ജിത് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജ്യോതിബാബുവിന്റെ മെഡിക്കൽ റിപ്പോർട്ട് കൈമാറാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഈ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും ജ്യോതിബാബുവിന്റെ ജാമ്യ ഹർജിയിൽ തീരുമാനം എടുക്കുക.
2012 മെയ് 4നാണ് ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വടകര വള്ളിക്കാട് വെച്ച് കൊല്ലപ്പെട്ടത്. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഈ കേസിൽ ഗൂഢാലോചന കുറ്റമാണ് ജ്യോതിബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ കോടതി വെറുതെ വിട്ട ജ്യോതിബാബുവിനെ, ഹൈക്കോടതിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. തുടർന്ന് ആരോഗ്യ കാരണങ്ങൾ ഉന്നയിച്ചാണ് ജ്യോതിബാബു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തനിക്കുണ്ടെന്നും, ചികിത്സ വേണമെന്നുമാണ് ജ്യോതിബാബുവിന്റെ പ്രധാന വാദം.


