
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ജാമിയ മിലിയയിലെയും, അലീഗഢ് മുസ്ലീം സർവകലാശാലയിലെയും പ്രക്ഷോഭങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. പൗരത്വ ഭേദഗതി നിയമം ഉടൻ പിൻവലിക്കണമെന്നും, ഇനിയും കാത്തിരുന്നാൽ പ്രതിഷേധം പടരാൻ സാധ്യതയുണ്ടെന്നും രാഷ്ട്രപതിയോട് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയത്. ഉചിതമായ നടപടിയെടുക്കാമെന്ന് രാഷ്ട്രപതി ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാക്കൾ അറിയിച്ചു.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളോട് സ്വീകരിച്ച പൊലീസ് നടപടിയിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ കടുത്ത രോഷം രേഖപ്പെടുത്തി. യാതൊരു വിധ അനുകമ്പയും കൂടാതെയാണ് മോദി സർക്കാർ ജനങ്ങളിൽ നിന്ന് ഉയർന്ന് വരുന്ന എതിർസ്വരങ്ങൾ അടിച്ചമർത്തുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. ദില്ലിയിൽ ജാമിയ മിലിയയിൽ വനിതാ ഹോസ്റ്റലിലടക്കം കയറി പൊലീസ് അതിക്രമം നടത്തിയത് ഇതിന്‍റെ എറ്റവും നല്ല ഉദാഹരണമാണെന്ന് പറഞ്ഞ സോണിയ ഗാന്ധി അതിക്രൂരമായാണ് പൊലീസ് കുട്ടികളെ മർദ്ദിച്ചതെന്ന് കൂട്ടിച്ചേർത്തു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സാഹചര്യം രാജ്യത്തുടനീളം പടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ സോണിയ ഗാന്ധി അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് രാജ്യത്തെന്ന് തുറന്നടിച്ചു. ഇതിനിയും പടരുമെന്ന് ഭയപ്പെടുന്നെന്നും കോൺഗ്രസ് ഉപാധ്യക്ഷ പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, എ കെ ആന്‍റണി, ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, സിപിഎം സെക്രട്ടറി ജനറൽ സീതാറാം യെച്ചൂരി, ആർജെഡിയുടെ മനോജ് കുമാർ ജാ, സിപിഐയുടെ ഡി രാജ, ത്രിണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഓബ്രയൻ എന്നിവരടങ്ങിയ സംഘമാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താനെത്തിയത്.
പൗരത്വ ഭേദഗതി നിയമം ഭേദഗതി ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് നേരത്തെ തന്നെ സർക്കാരിന് മുന്നറിയിപ്പ് നൽയിരുന്നെന്നും എന്നാൽ തിടുക്കത്തിലായിരുന്ന സർക്കാർ ഇതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam