പാര്‍ലമെന്‍റിൽ വിലക്കുകൾ: സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

By Web TeamFirst Published Jul 16, 2022, 1:13 PM IST
Highlights

മുന്നൂറിലധികം വാക്കുകള്‍ക്ക് വിലക്ക്, പാര്‍ലമന്‍റ് വളപ്പില്‍ പ്രതിഷേധം തടഞ്ഞുള്ള നിര്‍ദ്ദേശം, ഇതിനൊപ്പമാണ് ലഘുലേഖകള്‍, ചോദ്യാവലികള്‍, വാര്‍ത്താകുറിപ്പുകള്‍ എന്നിവ പാടില്ലെന്നും പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കരുതെന്നുമുള്ള നിര്‍ദ്ദേശവും വന്നിരിക്കുന്നത്

ദില്ലി : പാര്‍ലമെന്‍റിലെ വിലക്ക് സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. വാക്കുകളും, പരസ്യപ്രതിഷേധവും വിലക്കിയതിനൊപ്പം പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കരുതെന്ന നിര്‍ദ്ദേശവും പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. നിലവിലുളള നടപടികളെ വക്രീകരിച്ച് പ്രതിപക്ഷം സ്വയം പ്രകോപിതരാകുകയാണെന്ന് ബിജെപി പരിഹസിച്ചു. 

മുന്നൂറിലധികം വാക്കുകള്‍ക്ക് വിലക്ക്, പാര്‍ലമന്‍റ് വളപ്പില്‍ പ്രതിഷേധം തടഞ്ഞുള്ള നിര്‍ദ്ദേശം, ഇതിനൊപ്പമാണ് ലഘുലേഖകള്‍, ചോദ്യാവലികള്‍, വാര്‍ത്താകുറിപ്പുകള്‍ എന്നിവ പാടില്ലെന്നും പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കരുതെന്നുമുള്ള നിര്‍ദ്ദേശവും വന്നിരിക്കുന്നത്. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്നും പാര്‍ലമെന്‍റ് ബുള്ളറ്റിനിലുണ്ട്. അച്ചടക്ക നടപടി കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി അടിക്കടി ബുള്ളറ്റിനുകള്‍ പുറത്തിറക്കി സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ കുറ്റപ്പെടുത്തൽ. പ്രതിപക്ഷ വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന പ്രധാനമന്ത്രിയാണ് നീക്കത്തിന് പിന്നിലെന്നും നേതാക്കള്‍ ആരോപിക്കുന്നു. 

വീണ്ടും വിലക്ക്, പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കരുത്!

തിങ്കളാഴ്ച പാര്‍ലമെന്‍റ് സമ്മേളനം നടക്കാനിരിക്കെ ഇന്ന് വൈകുന്നരം സ്പീക്കര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ വിലക്ക് ചര്‍ച്ചയാകും. കഴിഞ്ഞ ദിവസം ഉയര്‍ന്ന ആക്ഷേപങ്ങളെ നിലവിലെ സമ്പ്രദായമെന്ന പ്രതികരണത്തിലൂടെ സ്പീക്കര്‍ ന്യായീകരിച്ചതിനാല്‍ അനുകൂല നിലപാട് പ്രതിപക്ഷം പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ വായടപ്പിക്കാന്‍ നോക്കേണ്ടെന്ന ശക്തമായ സന്ദേശം സര്‍ക്കാരിന് നല്‍കാന്‍ കഴിയുമെന്നാണ് പ്രതിപക്ഷത്തിന്‍റെ കണക്ക് കൂട്ടല്‍. നാളെ ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ വിലക്കുകള്‍ക്കെതിരെ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട പ്രതിഷേധ പരിപാടികള്‍ക്ക് തീരുമാനമാകും. എന്നാല്‍ നിലവിലുള്ള രീതികള്‍ തുടരുന്നതില്‍ പ്രകോപിതരാകുന്ന പ്രതിപക്ഷം ദില്ലിയില്‍ മഴയില്ലാത്തതിനാല്‍ പാര്‍ലെമന്‍റ് സമ്മേളനത്തെ വര്‍ഷകാല സമ്മേളനമെന്ന് വിശേഷിപ്പിക്കുമ്പോഴും പ്രകോപിതരാകാനിടയുണ്ടെന്ന് ബിജെപി പരിഹസിച്ചു. 

പാര്‍ലമെന്‍റ് മന്ദിര വളപ്പിൽ പ്രതിഷേധത്തിന് നിരോധനം; സർക്കാരിനെതിരെ പ്രതിപക്ഷം, പ്രതിരോധിച്ച് ബിജെപി

പുതിയ വിലക്ക് ! പാർലമെൻറ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ല

'നോട്ട് നിരോധിച്ച ലാഘവത്തിൽ വാക്കുകൾ നിരോധിക്കുന്നു', പാർലമെന്റ് നടപടി ജനാധിപത്യ വിരുദ്ധമെന്ന് എ എ റഹീം

തിരുവനന്തപുരം: നോട്ടുകൾ നിരോധിക്കുന്ന ലാഘവത്തിലാണ് പാർലമെന്റിൽ വാക്കുകൾ നിരോധിക്കുന്നതെന്ന് സിപിഎം നേതാവ് എ എ റഹീം. ഭരണഘടന ഉറപ്പ് നൽകുന്ന ഫ്രീഡം ഓഫ് സ്പീച്ച് ആൻഡ് എക്സ്പ്രെഷൻ പാർലമെന്റിനുള്ളിൽ തന്നെ റദ്ദാക്കാനുളള ഈ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു. മറുവാക്കുകളെ ഭയപ്പെടുന്നവരുടെ ഭ്രാന്തമായ തീരുമാനം മാത്രമല്ല,നാളെകളിൽ,മറ്റ് മൗലികാവകാശങ്ങളും ഔദ്യോഗികമായി തന്നെ റദ്ദാക്കപ്പെടും എന്നതിന്റെ മുന്നറിയിപ്പ് കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. 

എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

നോട്ട് നിരോധിച്ചത് പോൽ എത്ര ലാഘവത്തോടെയാണ് വാക്കുകൾ നിരോധിക്കുന്നത്. ഭരണഘടന ഉറപ്പ് നൽകുന്ന ഫ്രീഡം ഓഫ് സ്പീച്ച് ആൻഡ് എക്സ്പ്രെഷൻ പാർലമെന്റിനുള്ളിൽ തന്നെ റദ്ദാക്കാനുളള ഈ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്.
കേൾക്കാൻ ഇഷ്ടപ്പെടാത്ത പദങ്ങൾക്ക് നിരോധനം.
മറ്റൊരു തരത്തിൽ പറഞ്ഞാൽ,ഏതൊക്കെ വാക്കുകൾ തങ്ങൾക്ക് അനുയോജ്യമാണോ അതൊക്കെയും നിരോധിക്കുന്ന വാക്കുകളുടെ പട്ടികയിൽ കാണാം.
മറുവാക്കുകളെ ഭയപ്പെടുന്നവരുടെ ഭ്രാന്തമായ തീരുമാനം മാത്രമല്ല,നാളെകളിൽ,മറ്റ് മൗലികാവകാശങ്ങളും ഔദ്യോഗികമായി തന്നെ റദ്ദാക്കപ്പെടും എന്നതിന്റെ മുന്നറിയിപ്പ് കൂടിയാണിത്.
ഇതിനകം തന്നെ നിരോധിക്കപ്പെട്ട എത്രയോ മനുഷ്യരുടെ സ്വാതന്ത്യം..
സ്റ്റാൻസ്വാമി,ടീസ്റ്റ,ആർ ബി ശ്രീകുമാർ,
ആൾട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈർ,
ബുൾഡോസർ രാജിന്റെ ഇരകളായ പേരറിയാത്ത ഇന്ത്യക്കാർ,നോട്ട് നിരോധനത്തിന്റെ രക്തസാക്ഷികൾ...
നോട്ട് മുതൽ വാക്കുകൾവരെ നിരോധിക്കുന്നവരുടെ രാജ്യത്ത് രൂപയുടെ മൂല്യം റിക്കാഡ് വേഗതയിൽ ഇടിഞ്ഞു താഴ്ന്നുകൊണ്ടേയിരിക്കുന്നു.വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരുടെ ജീവിതം തന്നെ മറ്റൊരുതരത്തിൽ റദ്ദാക്കുകയാണ്.
ഇനിയും കൂടുതൽ വാക്കുകൾക്ക് മരണവാറണ്ട് പ്രതീക്ഷിക്കാം...സെക്കുലറിസം,ജനാധിപത്യം,
സോഷ്യലിസം,സ്വാതന്ത്ര്യം........

click me!