രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി: ബിജെപിക്കെതിരെ സംയുക്ത നീക്കവുമായി പ്രതിപക്ഷം 

By Web TeamFirst Published Mar 24, 2023, 6:31 PM IST
Highlights

രാഹുൽ പിന്നോക്ക വിഭാഗങ്ങളെ അപമാനിക്കുന്നു എന്ന വിമർശനം ഉയർത്തിയാണ് ബിജെപിയുടെ പ്രതിരോധം. 

ദില്ലി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ ബിജെപിക്കെതിരെ സംയുക്ത നീക്കവുമായി പ്രതിപക്ഷം. സർക്കാരിന്‍റേത് ഏകാതിപത്യനടപടിയെന്ന് കോണ്‍ഗ്രസിനോട് വിയോജിച്ച് നിന്ന തൃണമൂൽ കോൺഗ്രസും സമാജ്‍വാദി പാര്‍ട്ടിയും കുറ്റപ്പെടുത്തി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നടപടിയെ അപലപിച്ചു. രാഹുൽ പിന്നോക്ക വിഭാഗങ്ങളെ അപമാനിക്കുന്നു എന്ന വിമർശനം ഉയർത്തിയാണ് ബിജെപിയുടെ പ്രതിരോധം. 

പ്രതിപക്ഷത്തെ വേട്ടയാടാനുള്ള കേന്ദ്രനീക്കം, ഇന്ത്യയില്‍ ജനാധിപത്യം ഇല്ലാതാകുന്നതിന്‍റെ പുതിയ ഉദാഹരണം. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ ബിജെപിക്കെതിരെ പ്രതിപക്ഷം ഒരുമിച്ച് നിന്നാണ് വിമർശനം തൊടുക്കുന്നത്. കോണ്‍ഗ്രസിനോട് വിയോജിപ്പിലായിരുന്ന ത‍ൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മിപാര്‍ട്ടിയും  സമാജ്‍വാദി പാര്‍ട്ടിയും, ഇടത്പാര്‍ട്ടികളുമെല്ലാം രാഹുലിന് ഐക്യദാ‍ർഡ്യമറിയിച്ചു. ജനാധിപത്യം അപകടത്തിലെന്ന ബാനർ ഉയര്‍ത്തി പാര്‍ലമെന്‍റിന് പുറത്ത് നടന്ന പ്രതിഷേധ മാർച്ചിലും യുപിഎ കക്ഷിക്കള്‍ക്കൊപ്പം ഇടത് എംപിമാരും ബിആർഎസും എഎപിയും  പങ്കെടുത്തിരുന്നു.

മോദിയുടെ പുതിയ ഇന്ത്യയിൽ ബിജെപിയുടെ  ഉന്നം പ്രതിപക്ഷ നേതാക്കളാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി വിമർശിച്ചു. നടപടിയില്‍ ബിജെപിയെ കുറ്റപ്പെടുത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏകാധിപത്യനീക്കത്തെ ചെറുത്തു തോൽപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.  മുന്‍പ് സമാജ്‍വാദിപാര്‍ട്ടി നേതാക്കള്‍ക്കെതിരെ  നടത്തിയ നീക്കമാണ് രാഹുല്‍ഗാന്ധിക്കെതിരെയും പ്രയോഗിക്കുന്നതെന്ന്  അധ്യക്ഷന്‍ അഖിലേഷ് യാദ‍വ് കുറ്റപ്പെടുത്തി. രാഹുലിനെ അയോഗ്യനാക്കിയ നടപടി ഞെട്ടിച്ചുവെന്ന് ദില്ലി മുഖ്യമന്ത്രി ട്വീറ്റ് ചെ്യതു. ഇന്ത്യയില്‍  എല്ലാ സർക്കാർ സംവിധാനങ്ങളും സമ്മർ‍ദ്ദത്തിലാണെന്നായിരുന്നു ഉദ്ദവ് താക്കറെയുടെ വിമർശനം.

എന്നാല്‍ രാഹുൽഗാന്ധിയുടെ പരാമർശം രാജ്യവ്യാപക പ്രചാരണത്തിന് ഉപയോഗിക്കാനാണ് ബിജെപി നീക്കം. പിന്നാക്ക വിഭാഗത്തെ കള്ളൻമാരാക്കി മുദ്രകുത്താനാണ് രാഹുല്‍ ശ്രമിച്ചതെന്നാണ് ബിജെപി ആരോപണം. ജെപി നഡ്ഡ, ഭൂപേന്ദ്ര യാദവ്, അനുരാഗ് ഠാക്കൂർ അടക്കമുള്ലവർ രാഹുലിന്‍റെ പരാമർശത്തെിന് ഈ വ്യഖ്യാനം നല്കിയാണ് ഇന്ന് തിരിച്ചടിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ നേരത്തെ മമത ഉൾപ്പടെയുള്ള പാർട്ടികൾ അംഗീകരിച്ചിരുന്നുില്ല. എന്നാൽ ഇപ്പോൾ ഇവർ രാഹുലിൻറെ ചുറ്റും അണിനിരക്കുന്നത് സർക്കാർ ക്യാംപിലും ആശങ്കയുണ്ടാക്കുന്നുണ്ട്. രാഹുലിനെ ശക്തമായി നേരിടുക  എന്ന നരേന്ദ്ര മോദി അമിത് ഷാ നയമാണ് ഇപ്പോഴത്തെ നയങ്ങളിൽ പ്രകടമാകുന്നത്. 


 

click me!