വൈമാനികൻ പാക് തടവിൽ, പ്രധാനമന്ത്രി പാര്‍ട്ടി പരിപാടിയില്‍: വിമര്‍ശനവുമായി പ്രതിപക്ഷം

By Web TeamFirst Published Feb 28, 2019, 4:28 PM IST
Highlights

വൈമാനികന്‍റെ തിരിച്ചു വരവിനായി രാജ്യം മുഴുവൻ പ്രാര്‍ഥിക്കുമ്പോൾ മോദിക്ക് അധികാരത്തിൽ തിരിച്ചെത്താനാണ് തിടുക്കമെന്ന് കോൺ​ഗ്രസ്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലികളും പ്രവര്‍ത്തക സമിതിയോ​ഗം പോലും നിലവിലെ അവസ്ഥയിൽ മാറ്റി വച്ചു. പക്ഷേ വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി റെക്കോഡ് ഇടാനാണ് ഈ സമയത്തും മോദിക്ക് തിടക്കുമെന്നും കോണ്‍ഗ്രസ് 

ദില്ലി: വൈമാനികൻ പാക് തടവിലിരിക്കെ ബി.ജെ.പി പ്രവര്‍ത്തകരുമായി സംവാദം നടത്തിയ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം. അതേ സമയം പ്രതിപക്ഷസഖ്യത്തെ മഹാമായം ചേരലെന്നാണ് ബിജെപി പ്രവര്‍ത്തകരുമായുള്ള സംവാദത്തില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചത്. അതേസമയം പുതിയ സാഹചര്യത്തിൽ  കര്‍ണാടകയിൽ  ബി.ജെപിക്ക് 22 സീറ്റ് ജയിക്കാനാവുമെന്ന ബിജെപി നേതാവും മുൻ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ് യദ്യൂരിയപ്പയുടെ പ്രസ്താവന വിവാദമായി

വൈമാനികന്‍റെ തിരിച്ചു വരവിനായി രാജ്യം മുഴുവൻ പ്രാര്‍ഥിക്കുമ്പോൾ മോദിക്ക് അധികാരത്തിൽ തിരിച്ചെത്താനാണ് തിടുക്കമെന്ന് കോൺ​ഗ്രസ് വിമർശിക്കുന്നു. തങ്ങളുടെ തെരഞ്ഞെടുപ്പ് റാലിയും പ്രവര്‍ത്തക സമിതിയോ​ഗം പോലും നിലവിലെ അവസ്ഥയിൽ മാറ്റി വച്ചു. പക്ഷേ വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി റെക്കോഡ് ഇടാനാണ് ഈ സമയത്തും മോദിക്ക് തിടക്കുമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. മോദിയുടെ വീഡിയോ കോണ്‍ഫറന്‍സിങ്ങിനെ ബി.എസ്.പി നേതാവ് മായാവതിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വിമര്‍ശിച്ചു. 

അതേ സമയം ബി.ജെ.പി നേതൃത്വത്തിൽ കരുത്തുറ്റ സര്‍ക്കാരുണ്ടായാലുളള നേട്ടം ജനത്തെ ബോധ്യപ്പെടുത്തണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപദേശിച്ചു. പ്രതിപക്ഷ സഖ്യം എണ്ണയും വെള്ളവും ചേരും പോലെയാണെന്ന് ജനത്തിനറിയാമെന്നും ബിജെപി പ്രവർത്തകരുമായുള്ള മെ​ഗാസംവാദത്തിനിടെ മോദി പറഞ്ഞു. അധികാരത്തിൽ വരാനല്ല, നിലനില്‍പിന് വേണ്ടിയാണ് ചെറു പാര്‍ട്ടികളെ ചേര്‍ത്ത് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതെന്നും മോദി പരിഹസിച്ചു. 

പുൽവാമ ആക്രമണം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ  വിമര്‍ശനം ശക്തിപ്പെടുന്നതിനിടെയാണ് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമാക്കുമെന്ന പ്രസ്താവനയുമായി ബിജെപി നേതാവ് ബിഎസ് യെദ്യൂരിയപ്പ രം​ഗത്ത് വന്നത്. വ്യോമസേനയുടെ തിരിച്ചടിയോടെ കർണാടകയിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ കിട്ടുമെന്നായിരുന്നു യെ​ദ്യൂരപ്പയുടെ പ്രസ്താവന. പരാമർശം വിവാദമായതോടെ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന വിശദീകരണവുമായി യെദ്യൂരപ്പ രം​ഗത്ത് വന്നു. 

click me!