
ദില്ലി: വനാവകാശ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കാത്ത 10 ലക്ഷം ആദിവാസി കുടുംബങ്ങളെ വനഭൂമിയിൽ നിന്ന് ഒഴിപ്പിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരുകൾ നൽകിയ അപേക്ഷ അംഗീകരിച്ചാണ് കോടതി തീരുമാനം.
ജസ്റ്റിസുമാരായ അരുൺ മിശ്ര, നവീൻ സിൻഹ, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് വനാവകാശ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കാത്ത ആദിവാസികളെ ഒഴിപ്പിക്കാൻ കഴിഞ്ഞയാഴ്ച ഉത്തരവിട്ടത്.
വനാവകാശ നിയമപ്രകാരം എന്തുകൊണ്ടാണ് ഇത്രയും ആദിവാസികളുടെ അപേക്ഷ നിരസിക്കപ്പെട്ടതെന്ന് വ്യക്തമാക്കാൻ സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. തള്ളിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് ഒഴിപ്പിക്കൽ നടപടി ഉണ്ടായില്ല എന്ന് ചീഫ് സെക്രട്ടറിമാരും വിശദീകണം നൽകണം.വിഷയത്തിൽ ഇടപെടാതെ സോളിസിറ്റർ ജനറൽ ഉറങ്ങുകയാണോ എന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോട് കോടതി ചോദിച്ചു.
കേരളത്തിൽ ആകെ 39,999 ആദിവാസി കുടുംബങ്ങളാണ് വനാവകാശ നിയമത്തിന്‍റെ പരിരക്ഷയ്ക്കായി അപേക്ഷ നൽകിയത്. ഈ അപേക്ഷകളിൽ 894 കുടുംബങ്ങൾ പരിരക്ഷയ്ക്ക് അർഹരല്ലെന്ന് കണ്ടെത്തിയിരുന്നു. അടുത്ത വാദം കേൾക്കലിന് മുൻപ് ഇവരെ വനത്തിൽ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിൽ നിർദേശിച്ചിരുന്നു. ഉത്തരവ് സ്റ്റേ ചെയ്തതോടെ കേരളത്തിലെ 894 ആദിവാസി കുടുംബങ്ങൾക്ക് താതകാലിക ആശ്വാസമായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam