നൂപുർ ശർമയുടെ അറസ്റ്റിനായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ, വിശദീകരണവുമായി ദില്ലി പൊലീസ്

Published : Jul 02, 2022, 08:30 AM IST
നൂപുർ ശർമയുടെ അറസ്റ്റിനായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ, വിശദീകരണവുമായി ദില്ലി പൊലീസ്

Synopsis

പ്രധാനമന്ത്രി എന്തിന് ഭയക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി, ഗുജറാത്ത് കലാപക്കേസിലെ അതിവേഗ നടപടികൾ ബിജെപിയെ ഓർമിപ്പിച്ച് കോൺഗ്രസ്

ദില്ലി: സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ നൂപുർ ശർമയുടെ അറസ്റ്റിന് സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. സുപ്രീംകോടതിക്ക് കാര്യങ്ങൾ മനസ്സിലായെങ്കിൽ പ്രധാനമന്ത്രി എന്തിന് ഭയക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി ചോദിച്ചു. ഗുജറാത്ത് കലാപക്കേസിൽ നടപടികൾ പെട്ടന്നെടുത്ത സർക്കാർ  ബിജെപി മുൻ വക്താവിനെതിരെ നടപടി എടുക്കാൻ മടിച്ച് നിൽക്കുന്നതെന്തിനെന്ന ചോദ്യവുമായി കോൺഗ്രസും രംഗത്തെത്തി. നബി വിരുദ്ധ പരാമര്‍ശത്തില്‍ സുപ്രീംകോടതി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം ദില്ലി പൊലീസ് രംഗത്തെത്തിയിരുന്നു. നൂപുര്‍ ശര്‍മയുടെ മൊഴിയെടുത്തിരുന്നുവെന്നാണ് പൊലീസിന്റെ വാദം. കഴിഞ്ഞ പതിനെട്ടിന് തന്നെ മൊഴി രേഖപ്പെടുത്തിയതാണെന്നും പൊലീസ് അറിയിച്ചു. നൂപുര്‍ ശര്‍മയെ അറസ്റ്റ്‌ ചെയ്യാത്തതിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി ആവശ്യപ്പെട്ടു. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തൽ. അന്വേഷണത്തില്‍ പൊലീസിനെ വിമര്‍ശിച്ച കോടതി നുപുര്‍ ശര്‍മയ്ക്ക് ചുവന്ന പരവതാനി കിട്ടിക്കാണുമെന്നും പരിഹസിച്ചു.

നബി വിരുദ്ധ പരാമര്‍ശത്തില്‍ പല സംസ്ഥാനങ്ങളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന പശ്ചാത്തലത്തിലാണ് നൂപുര്‍ ശര്‍മ സുപ്രീംകോടതിയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ദില്ലിയിലേക്ക് മാറ്റണമെന്നും ജീവന് ഭീഷണിയുള്ളതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  ഈ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നൂപുര്‍ ശര്‍മയ്ക്ക് എതിരെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. 

കോടതിയുടെ പരിഗണനയിലുള്ള ഗ്യാന്‍വാപി കേസില്‍ എന്തിന് ടെലിവിഷന്‍ ചര്‍ച്ചയ്ക്ക് പോയെന്ന് സുപ്രീംകോടതി ചോദിച്ചു. പാര്‍ട്ടി വക്താവെന്നാന്‍ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സല്ല. ഉത്തരവാദിത്തം മറന്ന് പ്രകോപനമുണ്ടാക്കാനാണ് നൂപുര്‍ ശര്‍മ ശ്രമിച്ചതെന്നാണ് കോടതിയുടെ കുറ്റപ്പെടുത്തല്‍. പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചുവെന്ന് നുപുര്‍ ശര്‍മയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, മാപ്പ് പറയാൻ വൈകിയെന്നും ടെലിവിഷനിലൂടെ രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും കോടതി പറഞ്ഞു. 

ഉദയ്പൂരിലുണ്ടായതടക്കം പിന്നീട് നടന്ന അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നുപുര്‍ ശർമയാണെന്നും കോടതി നിരീക്ഷിച്ചു. മെയ് 28ന് ആദ്യ എഫ്ഐആറിട്ട കേസില്‍ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് നടന്നില്ലെന്ന് ചോദിച്ച കോടതി നുപുര്‍ ശര്‍മയുടെ സ്വാധീനമാണ് അത് വ്യക്തമാക്കുന്നതെന്നും ചൂണ്ടിക്കാട്ടി. അര്‍ണബ് ഗോസ്വാമി കേസുയര്‍ത്തി നൂപുറിനെതിരായ കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും മാധ്യമപ്രവര്‍ത്തകനായ അര്‍ണബിന് നല്‍കിയ പരിഗണന നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കാനും ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദ്ദേശിച്ചു. കോടതിയുടെ ഈ വിമർശനത്തോടെ  നൂപുര്‍ ശര്‍മ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ