
ദില്ലി: വനിതാ സംവരണബില്ലിൽ ഇന്ന് വൈകീട്ട് നാലിന് വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. 2023 ലെ ബില്ല് തിടുക്കത്തിൽ വിജ്ഞാപനം ചെയ്തതിലാണ് പ്രതിപക്ഷം ലോക്സഭയില്‍ പ്രതിഷേധിച്ചത്. പുതിയ ബില്ലിന്‍റെ ചര്‍ച്ച നടക്കുന്നതിനിടെ ആദ്യ വനിതാ സംവരണ നിയമം ഏപ്രില്‍ 16 മുതല്‍ പ്രാബല്യത്തിലായെന്ന് വിജ്ഞാപനം ഇറക്കിയതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. കെ സി വേണുഗോപാലാണ് ഇക്കാര്യം സഭയില്‍ ആദ്യം ഉന്നയിച്ചത്.
ഡിഎംകെ എംപി കനിമൊഴിയും മറ്റു പ്രതിപക്ഷ അംഗങ്ങളും ഇത് ആവര്‍ത്തിച്ചതോടെ സഭാ നടപടികള്‍ ബഹളത്തില്‍ മുങ്ങി. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ കേരളവും തമിഴ്നാടും ഉള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ് ബില്ലെന്ന് കനിമൊഴി ആരോപിച്ചു. ബില്‍ ജെപിസിക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചെറിയ സംസ്ഥാനങ്ങളും വലിയ സംസ്ഥാനങ്ങളും തമ്മിലുളള സീറ്റുകളുടെ അന്തരം വര്‍ധിക്കുമെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തിലെ അതേ വേഗതയാണ് മണ്ഡലപുനർനിർണയത്തിലുമെന്നും തരൂര്‍ പറഞ്ഞു.
വനിതാ സംവരണം നടപ്പിലാക്കാൻ തയ്യാറാണെന്നും മണ്ഡല പുനർനിർണയം നടത്താൻ വലിയ രീതിയിലുള്ള ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും ശശി തരൂർ പറഞ്ഞു. നോട്ട് നിരോധനത്തിൽ കാണിച്ച വേഗതയാണ് സർക്കാർ മണ്ഡലം നിർണയത്തിന് കാണിക്കുന്നത്. നിലവിലുള്ള എംപിമാർക്ക് തന്നെ സഭയിൽ സംസാരിക്കാൻ സമയം കിട്ടുന്നില്ല. അപ്പോഴെങ്ങനെയാണ് 800 ലധികം പേർക്ക് സമയം ലഭിക്കുക. മണ്ഡല പുനർനിർണയത്തിൻ്റെ പേരിൽ വനിതാ സംവരണം വൈകുകയാണ്. നിരവധി സംസ്ഥാനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തപ്പെടും. ചെറിയ സംസ്ഥാനങ്ങളും വലിയ സംസ്ഥാനങ്ങളും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുമെന്നും തരൂർ പറഞ്ഞു.
അതേസമയം, വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബില്ല് പാസ്സാകാൻ 360 എംപിമാരുടെ പിന്തുണ കിട്ടണം. എന്നാൽ ഇപ്പോഴത്തെ നിലയ്ക്ക് ഇത് സാധ്യമല്ല. 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്. എന്നാൽ, സ്ത്രീകളുടെ അവകാശം ഉറപ്പിക്കാൻ സർക്കാർ നോക്കുമ്പോൾ സാങ്കേതിക കാരണം പറഞ്ഞ് ഇത് പ്രതിപക്ഷം തടയുന്നു എന്നതാണ് പ്രധാനമന്ത്രിയും ബിജെപിയും ഉയർത്തുന്ന പ്രധാന വാദം. ബിൽ പാസാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാംപ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam