അമിത് ഷായ്ക്ക് കനത്ത തിരിച്ചടിയായി പൊലീസ് സമരം; ആഭ്യന്തരമന്ത്രിയുടെ പരാജയമെന്ന് പ്രതിപക്ഷം

Published : Nov 06, 2019, 09:01 AM ISTUpdated : Nov 07, 2019, 06:30 AM IST
അമിത് ഷായ്ക്ക് കനത്ത തിരിച്ചടിയായി പൊലീസ് സമരം; ആഭ്യന്തരമന്ത്രിയുടെ പരാജയമെന്ന് പ്രതിപക്ഷം

Synopsis

ദില്ലിയില്‍ പൊലീസുകാര്‍ നടത്തിയ സമരം അമിത് ഷായുടെ പരാജയമാണെന്ന് പ്രതിപക്ഷം. പൊലീസുകാരെ ആക്രമിച്ച  അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.  11 മണിക്കൂറിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്.

ദില്ലി: കേന്ദ്രസര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ പോലീസ് സമരം ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കനത്ത തിരിച്ചടിയായി. സമരം തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും നിയന്ത്രിക്കാന്‍ കഴിയാതിരുന്നത് അമിത് ഷായുടെ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പല തവണ ഇടപെട്ടിട്ടും സമരം അവസാനിപ്പിക്കാന്‍ പോലീസുകാര്‍ തയ്യാറാകാത്തത് ആഭ്യന്തരമന്ത്രാലയത്തെയും അമ്പരപ്പിച്ചു.  

പ്രതിഷേധം കലാപത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയും ഇടയ്ക്ക് ലഭിച്ചിരുന്നു. പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്കെതിരെ നടപടി പാടില്ലെന്ന് ദില്ലി ഹൈക്കോടതി നിലപാട് എടുത്തതോടെയാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായത്. ഇടപെടലുകളെല്ലാം പരാജയപ്പെടുന്നുവെന്ന് കണ്ടതോടെ ആഭ്യന്തര സെക്രട്ടറിയെ വിളിപ്പിച്ചെങ്കിലും പരസ്യപ്രതികരണത്തിന് അമിത് ഷാ തയ്യാറായില്ല. രാജ്യതലസ്ഥാനത്തെ ക്രമസമാധാനം പെരുവഴിയിലായെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു.

ഇതിനിടെ സമരത്തിന് പിന്തുണയുമായി കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയത് സാഹചര്യത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. കേരള, തമിഴ്നാട് ഐപിഎസ് അസോസിയേഷനുകള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ രാജ്യതലസ്ഥാനത്തെ പ്രതിഷേധം മറ്റു സംസ്ഥാന ങ്ങളിലെ പൊലീസ് സേനയെയും സ്വാധീനിച്ചേക്കാമെന്ന ആശങ്ക ശക്തമായിരുന്നു.

ദില്ലിയിലെ സാക്കേത്, തീസ്ഹസാരി കോടതികളിൽ പൊലീസുകാരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ജോലി നിര്‍ത്തിവെച്ച് ഔദ്യോഗിക വേഷത്തിൽ പൊലീസുകാര്‍ സമരത്തിനിറങ്ങിയത്. പൊലീസ് കമ്മീഷണര്‍ ആസ്ഥാനത്തിന് മുന്നിൽ ആരംഭിച്ച സമരത്തിലേക്ക് നൂറുകണക്കിന് പൊലീസുകാര്‍ എത്തിയിരുന്നു. 

ദില്ലി പൊലീസ് കമ്മീഷണറും മുതിര്‍ന്ന ഉദ്യോഗസ്ഥരുമൊക്കെ പലതവണ ശ്രമിച്ചിട്ടും പിൻമാറാൻ സമരക്കാര്‍ തയ്യാറായില്ല. വൈകീട്ടോടെ മെഴുകുതിരി കത്തിച്ചുള്ള സമരവും തുടങ്ങി. പൊലീസുകാരുടെ കുടുംബാംഗങ്ങൾ ഇന്ത്യാഗേറ്റ് പരിസരത്തും പ്രതിഷേധവുമായി എത്തി. ഒടുവിൽ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പൊലീസ് കമ്മീഷണര്‍ ഉറപ്പു നൽകിയതോടെ 11 മണിക്കൂറിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്
ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി