
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി ഒപ്പ് ശേഖരണം തുടങ്ങി പ്രതിപക്ഷ പാർട്ടികൾ. പൊതുജനങ്ങളുടെ അടക്കം ഒപ്പ് ശേഖരിക്കും. എന്നിട്ട് രാഷ്ട്രപതിക്ക് അയക്കാനാണ് തീരുമാനം. അതിനിടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ നീക്കവുമായി ആഭ്യന്തര മന്ത്രാലയം. ദില്ലി പൊലീസിനെയും അർധ സൈനിക വിഭാഗത്തെയും ചേർത്ത് കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. ജന്തർമന്തറിലടക്കം നടക്കാൻ സാധ്യതയുള്ള പ്രതിഷേധങ്ങളെ പ്രതിരോധിക്കാനുള്ള ഏകോപനത്തിനായാണ് സമിതി രൂപീകരിക്കുന്നത്.
ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയ സംയുക്ത വാർത്താ കുറിപ്പ് തള്ളിയ പ്രതിപക്ഷം, പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു. പുറത്തുവന്ന വിവരങ്ങളും ഉയർത്തിയ പരാതികളും ശരിവയ്ക്കുന്നതാണ് ഇന്നലെ ഇറക്കിയ വാർത്താ കുറിപ്പിലുള്ളതെന്ന് കോൺഗ്രസ് വിമർശിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണറുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ ഏകോപനം ശക്തമാക്കാൻ സിപിഎം തീരുമാനിച്ചു. എം എ ബേബി ഇന്ന് അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തും. സംയുക്ത പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുന്നതിനായി എൻഡിഎ ഇതര കക്ഷികളുമായി നടത്തുന്ന ചർച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ച. മമത ബാനർജിയുമായും രാഹുൽ ഗാന്ധിയുമായും എം എ ബേബി ഫോണിൽ സംസാരിച്ചു. നേരത്തെ സിജെപിയുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന ശേഷം നടന്ന കമ്മീഷൻ്റെ സമ്പൂർണ്ണ യോഗത്തിന് ശേഷവും ചില വിഷയങ്ങളിൽ അവ്യക്തത തുടരുകയാണ്. എസ്ഐആറുമായി ബന്ധപ്പെട്ട് ഫോം 6 ലെ തർക്ക വിഷയമായ ചോദ്യം മാറ്റിയതായി സൂചനയില്ല. അപേക്ഷകൻ്റെ മാതാപിതാക്കളെ സംബന്ധിച്ച ചോദ്യം ഒഴിവാക്കണമെന്നാണ് രണ്ട് കമ്മീഷണർമാർ ആവശ്യപ്പെട്ടിരുന്നത്. ഫോം 6 സുപ്രീംകോടതി അംഗീകരിച്ചതാണെന്ന വാദമാണ് വാർത്താ കുറിപ്പിലുള്ളത്. എന്നാൽ എസ് ഐ ആർ സംബന്ധിച്ച മെയ് 27ലെ കോടതി ഉത്തരവിൽ അത്തരമൊരു അംഗീകാരം വ്യക്തമല്ല. ബംഗാളിൽ വോട്ടർമാർക്കെതിരെ അപ്പീൽ നൽകാൻ നിർദേശം നൽകിയത് ആരെന്ന് വ്യക്തമല്ല. വോട്ടർമാരുടെ പേരുകൾ പുനസ്ഥാപിക്കാൻ ഗോവ ആവശ്യപ്പെട്ട സോഫ്‌റ്റ് വെയർ പ്രവർത്തന ക്ഷമമാകാത്തതിലും കമ്മീഷൻ്റെ ഭാഗത്ത് നിന്ന് വിശദീകരണമില്ല. രണ്ട് കമ്മീഷണർമാരും നടപടി ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ജോലി ചെയ്യുന്ന സീനിയർ ഡപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ്, ഡിജി ഐടി സീമ ഖന്ന എന്നിവരുടെ കാര്യത്തിലും കമ്മീഷൻ മൗനം തുടരുകയാണ്. ഈ ഉദ്യോഗസ്ഥർ ചില സമ്മർദ്ദങ്ങൾക്ക് വഴങ്ങിയെന്നായിരുന്നു കമ്മീഷണർമാരുടെ ആക്ഷേപം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam