ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ പട്രോളിംഗിനിടെ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ കാണാതായി. പ്രദേശത്ത് വെടിവെയ്പ് ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഇരുവരെയും കണ്ടെത്താൻ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ വൻ തെരച്ചിൽ ആരംഭിച്ചു.

ജമ്മു: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പട്രോളിംഗിനിടയിൽ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ കാണാതായി. ബുധനാഴ്ച ഡച്ചാൻ-മർവ മേഖലയിലാണ് സംഭവം. തുടർന്ന് പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തിൽ വൻ തെരച്ചിൽ ആരംഭിച്ചു. എസ്‍പിഒമാരായ റാഷ്പാൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കാണാതായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സൈന്യത്തോടൊപ്പം പട്രോളിംഗ് നടത്തിയിരുന്ന ഇവർ ധേർണ പോസ്റ്റിലേക്ക് മടങ്ങുന്നതിനിടയിലാണ് കാണാതായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാമെന്ന് അധികൃതർ അറിയിച്ചു. സംഭവദിവസം പകൽ സമയത്ത് പ്രദേശത്ത് വെടിവെയ്പ് ശബ്‍ദം കേട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. തുടക്കത്തിൽ ഇവരുടെ മൊബൈൽ ഫോണുകൾ റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാകുകയായിരുന്നു. ഇരുവരെയും കണ്ടെത്താൻ പൊലീസും സുരക്ഷാ സേനയും സംയുക്തമായി തെരച്ചിൽ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

കഴിഞ്ഞ ഒക്ടോബർ 16-ന് കിഷ്ത്വാറിലെ വാനിപോര ട്രിഗാമിലെ വീടിന് സമീപം മറ്റൊരു എസ്‌പിഒയായ 55 കാരൻ ബഷീർ അഹമ്മദിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെദിൽ പോലീസ് പോസ്റ്റിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം സർവീസ് റൈഫിളുമായി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാണാതായത്. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ ഭൂമി തർക്കത്തെ തുടർന്ന് ബന്ധുക്കൾ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായിരുന്നു.