
ദില്ലി: ഓപ്പറേഷൻ സിന്ദൂറിനിടെ യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവനയിൽ രാഷ്ട്രീയ വിവാദം. സൈനിക മേധാവിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനം കടുപ്പിച്ചു. കേന്ദ്രം സത്യം മൂടിവച്ചെന്ന് കോൺഗ്രസ് വിമർശിച്ചു. നഷ്ടങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാർലമെൻറ് സമ്മേളനം ഉടൻ വിളിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് വസ്തുതകളും സത്യങ്ങളും ജനങ്ങളോടും പാര്‍ലമെന്റിനോടും തുറന്ന് പറയാത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അതേ സമയം പ്രതിരോധ മന്ത്രാലയം വിവാദത്തിൽ മൗനം പാലിക്കുകയാണ്.
വാർത്താ ഏജൻസിയായ ബ്ളൂംബർഗിനോട് സിംഗപ്പൂരിലെ ഷാൻഗ്രില ഡയലോഗ്‌സിൽ സംസാരിക്കുമ്പോഴാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് വിമാനം നഷ്ടമായെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ സൂചന നൽകിയത്. തുടക്കത്തിലെ നഷ്ടങ്ങൾ അതിവേഗം പരിഹരിച്ച് ഇന്ത്യ പാകിസ്ഥാന് ശക്തമായ പ്രഹരം ഏൽപിച്ചു എന്ന് സംയുക്ത സൈനിക മേധാവി സിംഗപ്പൂരിൽ പറഞ്ഞു. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ തകർത്തു എന്ന പാകിസ്ഥാൻ പ്രചാരണം കള്ളമാണെന്നും ജനറൽ ചൗഹാൻ വ്യക്തമാക്കി.
അനിൽ ചൗഹാൻറെ പ്രസംഗത്തിലെ 'തുടക്കത്തിലെ നഷ്‌ടം' എന്ന പ്രയോഗം ആയുധമാക്കി രംഗത്ത് വന്ന കോൺഗ്രസ്, ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ കേന്ദ്രം അന്വേഷണ സമിതിയെ നിയോഗിക്കുമോയെന്നാണ് ഉയർത്തുന്ന ചോദ്യം. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. സംയുക്തസേനാ മേധാവിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇത് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ മാത്രമേ ചര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളൂ - ഖാര്‍ഗെ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam