പെഗാസസ് ചോർത്തലിൽ ഇന്നും ബഹളം, ഇരുസഭകളും സ്തംഭിച്ചു; പ്രതിപക്ഷത്തിനെതിരെ മോദി

By Web TeamFirst Published Jul 27, 2021, 2:14 PM IST
Highlights

പാർലമെൻ്റിൽ നിലപാട് ശക്തമാക്കുകയാണ് പ്രതിപക്ഷം. ചാരപ്പണി നിർത്തുക എന്ന പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലേക്ക് നീങ്ങി. മമത ബാനർജി ദില്ലിയിൽ ഉള്ളപ്പോൾ തൃണമൂൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലായിരുന്നു എന്ന് പ്രതിഷേധം

ദില്ലി: പെഗാസസ് ചോർത്തലിൽ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തെ തുറന്നുകാട്ടാൻ പ്രധാനമന്ത്രി എംപിമാർക്ക് നിർദ്ദേശം നൽകി. ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ഇരുസഭകളും ഇന്നും സ്തംഭിച്ചു.

പാർലമെൻ്റിൽ നിലപാട് ശക്തമാക്കുകയാണ് പ്രതിപക്ഷം. ചാരപ്പണി നിർത്തുക എന്ന പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മമത ബാനർജി ദില്ലിയിൽ ഉള്ളപ്പോൾ തൃണമൂൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിപക്ഷം നിലപാടിനെതിരെ പ്രധാനമന്ത്രി ബിജെപി പാർലമെൻ്ററി പാർട്ടി യോഗത്തിൽ ആഞ്ഞടിച്ചു. 

പാർലമെൻ്റിൽ ചർച്ച വേണം എന്നാണ് പ്രതിപക്ഷം നിർദ്ദേശിച്ചത്. ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ്. എന്നാൽ ഇപ്പോൾ ഇത് അംഗീകരിക്കാത്ത നിലപാട് ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടണമെന്ന് നരേന്ദ്ര മോദി നിർദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ വരെ വിവരം ചോർത്തിയിട്ടും അന്വേഷണം നടത്താത്തതെന്തെന്ന് പ്രതിപക്ഷ നേതാക്കൾ തിരിച്ചടിച്ചു.

പെഗാസസ് ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം എംപി ജോൺ ബ്രിട്ടാസ് നേരത്തെ കോടതിയിൽ എത്തിയിരുന്നു. മാധ്യമപ്രവർത്തകരായ എൻ റാം, ശശി കുമാർ എന്നിവരും ഇന്ന് ഹർജി നൽകി. ചോർത്തലിൻ്റെ കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവരുമെന്ന സൂചനയാണ് മാധ്യമകൂട്ടായ്മ നല്കുന്നത്.

click me!