നാലാം ദിനം, ആളിക്കത്തുന്ന 'അഗ്നിപഥം', ഒന്നിച്ച് പ്രതിപക്ഷം, എങ്ങനെ നേരിടും മോദി സർക്കാർ?

Published : Jun 18, 2022, 01:10 PM IST
നാലാം ദിനം, ആളിക്കത്തുന്ന 'അഗ്നിപഥം', ഒന്നിച്ച് പ്രതിപക്ഷം, എങ്ങനെ നേരിടും മോദി സർക്കാർ?

Synopsis

ബിഹാറിൽ ഇന്‍റർനെറ്റ് നിരോധനം ആറ് ജില്ലകളിൽക്കൂടി നീട്ടിയിട്ടുണ്ട്. ഒരിക്കൽ ബിജെപിക്കൊപ്പം നിന്നിരുന്ന ചിരാഗ് പസ്വാന്‍റെ നേതൃത്വത്തിൽ ഇപ്പോൾ രാജ്ഭവൻ മാർച്ച് നടക്കുകയാണ്. രാഹുൽ ഗാന്ധിയും കനയ്യ കുമാറും പദ്ധതിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. 

ദില്ലി/ പട്ന: നാലാം ദിവസവും ആളിക്കത്തുകയാണ് അഗ്നിപഥ് പ്രതിഷേധം. ബിഹാറിൽ വ്യാപകമായി വാഹനങ്ങൾക്ക് തീയിട്ടു. കഴിഞ്ഞ ദിവസം തെലങ്കാനയിൽ പൊലീസ് വെടിവെപ്പിൽ പ്രതിഷേധക്കാരൻ മരിച്ചതിന് പിന്നാലെ ഇന്നലെ പ്രതിഷേധക്കാർ തീയിട്ട തീവണ്ടി ബോഗിയിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് യാത്രക്കാരൻ മരിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം പ്രതിപക്ഷ കക്ഷികള്‍ ശക്തമാക്കുമ്പോൾ, രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണക്കണമെന്ന് സിപിഎം ആഹ്വാനം ചെയ്തു. യുവാക്കളുടെ മുന്‍പില്‍ മോദിക്ക് മുട്ട് മടക്കേണ്ടി വരുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഇതിനിടെ പ്രതിഷേധങ്ങളെ കുറിച്ചന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തി. യുവാക്കളെ അഗ്നിയിൽ നടത്തുന്ന പദ്ധതിയാണെന്നായിരുന്നു അഗ്നിപഥിനെതിരെ കനയ്യ കുമാറിന്‍റെ വിമർശനം. 

ബിഹാറിൽ ഇന്‍റർനെറ്റ് നിരോധനം ആറ് ജില്ലകളിൽക്കൂടി നീട്ടിയിട്ടുണ്ട്. ഒരിക്കൽ ബിജെപിക്കൊപ്പം നിന്നിരുന്ന ചിരാഗ് പസ്വാന്‍റെ നേതൃത്വത്തിൽ ഇപ്പോൾ രാജ്ഭവൻ മാർച്ച് നടക്കുകയാണ്. രാഹുൽ ഗാന്ധിയും കനയ്യ കുമാറും പദ്ധതിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയതിന് പിന്നാലെ പദ്ധതിക്കെതിരെ കൂടുതൽ യുവനേതാക്കൾ എത്തുകയാണ്. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അഗ്നിപഥിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. കര്‍ഷക സമരത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ ഉയരുന്ന വ്യാപക പ്രതിഷേധം വരാനിരിക്കുന്ന  തെരഞ്ഞെടുപ്പുകൾക്ക് മുന്‍പുള്ള  പ്രതിപക്ഷ നീക്കത്തിന് ബലം പകരുന്നതാണ്. 'ജയ് ജവാന്‍ ജയ് കിസാന്‍' എന്ന മുദ്രാവാക്യത്തെ മോദി അപമാനിച്ചുവെന്ന് രാഹുല്‍ ഗാന്ധി ഇന്ന് ട്വിറ്ററില്‍ എഴുതിയപ്പോള്‍  ഉന്നമിടുന്നത് കര്‍ഷകരെയും സൈനികരെയും തന്നെയാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ബിജെപിയുടെ വോട്ട് ബാങ്കുകളില്‍ രണ്ട് കൂട്ടര്‍ക്കും നിര്‍ണ്ണായക പങ്കുണ്ട്. രാജ്യസുരക്ഷയില്‍ ആശങ്കയറിയിച്ചാണ് അഗ്നിപഥ് പിന്‍വലിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നത്. പ്രതിഷേധങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണക്കണമെന്ന യെച്ചൂരിയുടെ പ്രതികരണം യോജിച്ച നീക്കം ഉന്നമിട്ടുള്ളതാണ്. 

രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുമ്പോള്‍ പദ്ധതി സേനക്കും ദേശസുരക്ഷക്കും തിരിച്ചടിയാകുമോയെന്ന് പരിശോധിക്കാന്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ  നിയോഗിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിക്ക് മുന്നിൽ ഹർജിയെത്തി. ദില്ലി സ്വദേശിയായ അഭിഭാഷകനാണ് ഹർജി സുപ്രീംകോടതിക്ക് മുന്‍പില്‍ വച്ചിരിക്കുന്നത്. അതേ സമയം പ്രതിഷേധം ശക്തമാകുമ്പോൾ ബിജെപിക്കുള്ളിലും അസ്വസ്ഥതയുണ്ട്. തൊഴിഴില്ലായ്മ പരിഹരിക്കാൻ മോദി കൊണ്ടു വരുന്ന മാന്ത്രിക പദ്ധതിയെന്ന പേരില്‍ അഗ്നിപഥിനെ അവതരിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുമ്പോഴാണ് പദ്ധതിക്കെതിരായ പ്രതിഷേധ കാഴ്ചകൾ. ഘടകക്ഷിയായ ജെഡിയു പദ്ധതിക്കെതിരെ നിലപാടെടുത്തതും ബിജെപിക്ക് കനത്ത തിരിച്ചടിയാകുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് സംഘം പ്രതിഷേധങ്ങൾ ആളിക്കത്തുന്ന ബിഹാറിലെത്തിയപ്പോൾ:

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ