
ഉത്തർപ്രദേശ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ സ്ത്രീകളെ മുൻനിരയിൽ നിർത്തുന്നതായി ഉത്തർപ്രേദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. പ്രതിഷേധക്കൂട്ടായ്കളിൽ സ്ത്രീകളെ മുൻനിർത്തി അന്തരീക്ഷം മോശമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കുറ്റവാളികളെ പിന്തുണച്ച് മിണ്ടാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോരഖ്പൂരിൽ നടന്ന പൗരത്വ നിയമ ഭേദഗതി അനുകൂല റാലിയിൽ സംസാരിക്കവേ ആദിത്യനാഥ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ഒരാഴ്ചയായി പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ (എൻആർസി) പ്രയാഗ് രാജിലെ റോഷൻ ബാഗ് പ്രദേശത്തെ മൻസൂർ അലി പാർക്കിൽ വനിതാ പ്രതിഷേധക്കാർ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. കൂടാതെ ലഖ്‌നൗവിൽ നിരവധി സ്ത്രീകൾ ക്ലോക്ക് ടവറിന്റെ പടികളിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചിട്ടുണ്ട്. ദില്ലിയിലെ ഷഹീൻബാഗിൽ സ്ത്രീകൾ നടത്തിയ പ്രതിഷേധത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് രാജ്യത്തെമ്പാടും നടക്കുന്ന പ്രതിഷേധങ്ങളിൽ സ്ത്രീകൾ പങ്കാളികളാകുന്നത്.
എന്നാൽ പൗരത്വ നിയമ ഭേദഗതിയ്ക്ക് പിന്തുണ വർദ്ധിപ്പിക്കുന്നതിനായി ബിജെപി ഒരു ബഹുജന പരിപാടി ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസം പ്രതിഷേധക്കാർ മീററ്റിലും ബിജ്‌നോറിലും മറ്റ് ചില സ്ഥലങ്ങളിലും പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. പോലീസ് വെടിവയ്പിൽപന്ത്രണ്ട് പേർ കൊല്ലപ്പെടുകയും പൊതുസ്വത്തുക്കൾക്ക് നാശനഷ്ടം വരുത്തിയെന്ന് ആരോപിച്ച് കലാപകാരികൾക്ക് സർക്കാർ പിഴ ചുമത്തുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam