
ദില്ലി: രാജ്യത്തെ പൊതുമേഖലാ ആയുധ നിർമ്മാണശാലകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ തൊഴിലാളികൾ പണിമുടക്കിലേക്ക്. രാജ്യത്തെ 41 ആയുധ നിർമ്മാണ ശാലകളിലെ വിവിധ തൊഴിലാളി സംഘടനകളാണ് ഒരു മാസത്തെ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ, ഇന്ത്യൻ നാഷണൽ ഡിഫൻസ് വർക്കേഴ്‌സ് ഫെഡറേഷൻ, ഭാരതീയ പ്രതിരക്ഷാ മസ്‌ദൂർ സംഘ് എന്നിവയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. 82000 ജീവനക്കാരും തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും.
സംസ്ഥാനങ്ങളിൽ ജീവനക്കാരും തൊഴിലാളികളും കുടുംബങ്ങളും പങ്കെടുത്ത വൻ റാലികളും പ്രകടനങ്ങളും നടന്നതിന് പിന്നാലെ സർക്കാർ ഇവരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാണ് ജീവനക്കാരുടെയും തൊഴിലാളികളുടെയും ആവശ്യം. എന്നാൽ ഇതിന് സർക്കാർ തയ്യാറല്ലാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണം.
സർക്കാർ ഉടമസ്ഥതയിൽ കോർപ്പറേഷൻ രൂപീകരിക്കാനാണ് നീക്കം നടത്തുന്നതെന്നാണ് സർക്കാർ ഇപ്പോൾ നൽകുന്ന വിശദീകരണം. ഓർഡനൻസ് ഫാക്‌ടറികളിൽ ഉൽപ്പാദനം അവസാനിപ്പിച്ച 275 ഉൽപ്പന്നങ്ങളുടെ നിർമ്മാണാനുമതി സ്വകാര്യ മേഖലയ്ക്ക് നൽകുമെന്നും ഇതിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡിന് സർക്കാർ രൂപം നൽകിയത് സ്വകാര്യവത്കരണം ലക്ഷ്യമിട്ടാണെന്ന് സംഘടനകൾ ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam