
ദില്ലി: നിഹാൽ വിഹാർ പ്രദേശത്ത് ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അവഗിണിക്കുന്നുവെന്നും ആരോപിച്ച് യുവാവ് ജീവനൊടുക്കി. കടബാധ്യതയുണ്ടെന്നും പണമുള്ള മറ്റൊരാളോടാണ് ഭാര്യക്ക് ഇപ്പോൾ ബന്ധമെന്നും പറഞ്ഞ് വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു 31 വയസ്സുകാരനായ വികാസ് ജീവനൊടുക്കിയത്. ബുധനാഴ്ച രാവിലെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ വികാസിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ആത്മഹത്യക്ക് മുമ്പ് മുൻപ് വികാസ് മൂന്ന് വീഡിയോകൾ റെക്കോർഡ് ചെയ്തിരുന്നു. ഈ വീഡിയോകളിൽ വിവാഹം മുതൽ ഭാര്യയുടെ അവഗണനയും കടബാധ്യതയും, മറ്റൊരു യുവാവുമായി ഭാര്യക്ക് ബന്ധമുണ്ടെന്നതും അടക്കം വികാസ് പറയുന്നുണ്ട്. തന്‍റെ മകൻ ഭാര്യയോടൊപ്പം നിൽക്കരുതെന്നും സ്വന്തം വീട്ടിൽ തന്നെ കഴിയുന്നത് ഉറപ്പാക്കണമെന്നും വികാസ് അധികൃതരോട് അഭ്യർത്ഥിക്കുന്നുണ്ട്.
അവുരടെ ജീവിതം മോശമാണ്, അവര്‍ മൂലം ഞാൻ പലപ്പോഴും പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടി വന്നു. തന്റെ കുട്ടി തന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം കഴിയണം. മകനെ ഭാര്യയുടെ അടുത്തേക്ക് അയക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരോട് ബന്ധമുള്ള യുവാവിന്റെ കയ്യിലുള്ളത്ര പണം തൻ്റെ കയ്യിൽ ഇല്ല. അവർക്ക് പണത്തോട് ആസക്തിയായിരിക്കുന്നു. അവസാന ആഗ്രഹം മകൻ തൻ്റെ കുടുംബത്തോടൊപ്പം ചേരണം എന്നതാണ്" എന്നും വികാസ് വീഡിയോയിൽ പറയുന്നു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം വികാസിന്‍റെ മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി. ബന്ധുക്കളെ ചോദ്യം ചെയ്ത ശേഷം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.. അന്വേഷണത്തിന് ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. ബുധനാഴ്ച രാവിലെ ഏകദേശം 9.45 ഓടെയാണ് ആത്മഹത്യയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. വിവരം ലഭിച്ചയുടൻ പzeലീസ് സംഘം എത്തി. രണ്ടാം നിലയിൽ വികാസ് എന്ന യുവാവിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയുമായിരുന്നു.
വികാസിന്‍റെ കുടുംബത്തിൽ അച്ഛൻ രവീന്ദർ, അമ്മ, രണ്ട് സഹോദരങ്ങൾ, ഒരു സഹോദരി എന്നിവരുണ്ട്. വികാസ് ജ്വാലാഹേഡി പ്രദേശത്തെ ഒരു കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. ഏകദേശം അഞ്ച് വർഷം മുൻപാണ് ഇയാൾ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്.
വികാസിന് മദ്യപാനശീലവും, കുറച്ച് കടബാധ്യതകളും ഉണ്ടായിരുന്നു. ഇതുകാരണം ദമ്പതികൾക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. ഏകദേശം മൂന്ന് വർഷം മുൻപ് ഭാര്യ വികാസിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇത് വികാസിനെ ഏറെ വിഷമിപ്പിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.