
ദില്ലി. ഏഴ് പേർ കൊല്ലപ്പെട്ട ദില്ലി സംഘർഷത്തെ രൂക്ഷഭാഷയിൽ അപലപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ദീർഘവീക്ഷണമില്ലാത്തവരും വിവേകശൂന്യരുമായ നേതാക്കളെ അധികാരത്തിലേറ്റിയതിന്റെ പേരിൽ ജനങ്ങൾ കൊടുക്കേണ്ടി വന്ന വിലയാണിതെന്ന് ചിദംബരം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി നടപ്പിൽ വരുത്തുന്നത് തത്ക്കാലം നിർത്തി വയ്ക്കണമെന്നും പ്രതിഷേധക്കാരുടെ ഭാഗം കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും ചിദംബരം ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതി വിഷയത്തെച്ചൊല്ലി വടക്കുകിഴക്കൻ ദില്ലിയിൽ തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിഷേധക്കാർ വീടുകൾ, കടകൾ, വാഹനങ്ങൾ, പെട്രോൾ പമ്പ് എന്നിവ അഗ്നിക്കിരയാക്കി. തിങ്കളാഴ്ച ദില്ലിയിൽ നടന്ന അക്രമങ്ങളും ജീവഹാനിയും ഞെട്ടിക്കുന്നതാണെന്നും ശക്തമായി അപലപിക്കേണ്ടതാണെന്നും ചിദംബരം പറഞ്ഞു. “വിവേകശൂന്യരും ദീർഘവീക്ഷണമില്ലാത്തവരുമായ നേതാക്കളെ അധികാരത്തിൽ ഉൾപ്പെടുത്തുന്നതിന് ജനങ്ങൾ നൽകേണ്ടി വന്ന വിലയാണിത്,” അദ്ദേഹം പറഞ്ഞു.
''1955 ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്താതെയാണ് ഇന്ത്യ ഇതുവരെ ജീവിച്ചത്. ഇപ്പോൾ എന്തിനാണ് നിയമത്തിന് ഭേദഗതി വരുത്തുന്നത്? എത്രയും പെട്ടെന്ന് പൗരത്വ നിയമ ഭേദഗതി ഒഴിവാക്കണം.'' ചിദംബരം പറഞ്ഞു. ഇപ്പോഴും വൈകിയിട്ടില്ലെന്നും ചിദംബരം കൂട്ടിച്ചേർത്തു. പൗരത്വ നിയമ ഭേദഗതി ഭിന്നിപ്പിക്കുന്നതാണെന്നും അത് റദ്ദാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നും തന്റെ പാർട്ടി മുന്നറിയിപ്പ് നൽകിയിരുന്നതായി കോൺഗ്രസ് നേതാവ് പറഞ്ഞു. എന്നാൽ തങ്ങളുടെ മുന്നറിയിപ്പ് ബധിരൻമാരുടെ ചെവിയിൽ പതിച്ച വാക്കുകൾ പോലെയായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam