
ദില്ലി: ആന്‍ഡമാന്‍ നിക്കോബാർ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദർ നാരായിൺ ഇരുപതിലധികം സ്ത്രീകളെ പീഡിപ്പിച്ചതായി സാക്ഷി മൊഴി. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയിലെ അന്വേഷണത്തിലാണ് നേരത്തെ നടത്തിയ സമാന കൃത്യങ്ങളുടെ വിവരങ്ങൾ പുറത്തു വന്നത്.
സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഔദ്യോഗിക വസതിയിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു ജിതേന്ദർ നാരായിണ് എതിരെയുള്ള ഇരുപത്തിയൊന്നുകാരിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ആൻഡമാൻ നിക്കോബാർ പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് സമാനമായ രീതിയിൽ ഇരുപതിലധികം സ്ത്രീകളെ ജിതേന്ദർ നാരായിൺ പീഡിപ്പിച്ചെന്ന വിവരം കണ്ടെത്തിയത്. ജോലി വാഗ്ദാനം ചെയ്തുള്ള സെക്സ് റാക്കറ്റിലെ കണ്ണികളുമായി മുൻ ചീഫ് സെക്രട്ടറിക്ക് അടുത്ത ബന്ധമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. പോർട്ട് ബ്ലെയറിലെ നാരായിൻറെ വീട്ടിൽ ഇരുപതിലധികം സ്ത്രീകളെ എത്തിച്ചതായി സാക്ഷികൾ പൊലീസിന് മൊഴി നൽകി. ഇവരിൽ പലർക്കും സർക്കാർ ജോലി കിട്ടിയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച ഫോൺ സംഭാഷണങ്ങളും, പീഡിപ്പിക്കപ്പെട്ടവർ പലവട്ടം നാരായിന്റെ വീട്ടിൽ വന്നത് സ്ഥിരീകരിക്കുന്ന ടവർ ലൊക്കേഷൻ അടക്കമുള്ള തെളിവുകളും പൊലീസ് കണ്ടെത്തിയതായാണ് വിവരം. നാളെ നാരായിൺ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനിരിക്കെയാണ് നിർണായകമായ പുറത്തു വന്നത്. ആൻഡമാനിൽ നിന്ന് മടങ്ങിയ ശേഷം ദില്ലി ഫിനാൻഷ്യൽ കോർപ്പറേഷന്‍ എംഡിയായി ജോലിയിൽ പ്രവേശിച്ച നാരായിണെ വിവാദത്തിന്റെ പിന്നാലെ കേന്ദ്രം സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം ആരോപണങ്ങൾ നിഷേധിക്കുകയാണ് ജിതേന്ദർ നാരായിൺ. ആന്‍ഡമാന്‍ നിക്കോബാർ ദ്വീപിൽ താൻ നടപടി എടുത്ത ചില ഉദ്യോഗസ്ഥരാണ് പ്രചാരണങ്ങൾക്ക് പിന്നിൽ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. യുവതിയുടെ പരാതിയിലെടുത്ത കേസിൽ ദില്ലി ഹൈക്കോടതി ജിതേന്ദർ നാരായിണ് ഇടക്കാല ജാമ്യം നല്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam