
മുബൈ: മുബൈയിലെ കുര്‍ല മേഖലയില്‍ അപാര്‍ട്ട്മെന്‍റ് കോംപ്ലക്സില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍തീപിടിത്തത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. ബഹുനിലകെട്ടിടത്തിന്‍റെ വിവിധ നിലകളിലായി ഫയര്‍ഫോഴ്സ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ 60ഓളം പേരെ രക്ഷപ്പെടുത്തി. ഇതില്‍ 39 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പുലര്‍ച്ചെ 12.14നാണ് കുര്‍ല വെസ്റ്റിലെ കോഹിനൂര്‍ ആശുപത്രിക്ക് എതിര്‍വശത്തുള്ള അപാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ തീപിടിത്തമുണ്ടായതെന്ന് ബൃഹന്‍മുബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. സംഭവം നടന്ന ഉടനെ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.
പുലര്‍ച്ചെയായിരുന്നതിനാല്‍ തന്നെ അപാര്‍ട്ട്മെന്‍റുകളില്‍ നിരവധി ആളുകളാണ് കുടുങ്ങികിടന്നിരുന്നത്. താഴത്തെ നിലയിലെ വൈദ്യുത കേബിള്‍ പോകുന്ന പൈപ്പില്‍നിന്നുമാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പൈപ്പിലൂടെ തീ 12ാം നിലയിലേക്ക് പടരുകയായിരുന്നു. കെട്ടിടത്തില്‍നിന്ന് വലിയരീതിയില്‍ പുക ഉയരാന്‍ തുടങ്ങിയതോടെ താമസക്കാര്‍ പുറത്തേക്ക് ഇറങ്ങി. ഫയര്‍ഫോഴ്സെത്തി ഓരോ നിലയിലും കുടുങ്ങികിടക്കുന്നവരെയും രക്ഷപ്പെടുത്തി. പരിക്കേറ്റ 39പേരില്‍ 35 പേര്‍ രജാവാഡി ആശുപത്രിയിലും നാലു പേര്‍ കോഹിനൂര്‍ ആശുപത്രിയിലുമാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. കെട്ടിടത്തില്‍നിന്ന് വലിയരീതിയില്‍ പുക ഉയരുന്നതിന്‍റെ ദൃശ്യം ഉള്‍പ്പെടെയാണ് പ്രചരിച്ചത്. അടുത്ത കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രണവിധേയമാക്കിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സമീപത്ത് നിരവധി അപാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളാണുള്ളത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഇപ്പോള്‍ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാണെന്നും ബി.എം.സി അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam